ട്വന്റി ട്വന്റി ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമുമായി പ്രധാനമന്ത്രി മോദി നടത്തിയ സംവാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തമാശയും പൊട്ടിച്ചിരികളുമായി മോദി കളിക്കാര്‍ക്കൊപ്പം നിറഞ്ഞു. പ്രധാനമന്ത്രിയുടെ രസകരമായ ചോദ്യങ്ങളും കളിക്കാരുടെ ഉത്തരങ്ങളും അവിസ്മരണീയ നിമിഷങ്ങളാണ് സമ്മാനിച്ചത്. ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോട് മോദി ചോദിച്ചത് ഇതാണ്:”ഫൈനലില്‍ വിജയിച്ച ശേഷം താങ്കള്‍ പിച്ചിലെ മണ്ണ് തിന്നുന്നത് കണ്ടു. എന്തിനാണ് അങ്ങിനെ ചെയ്തത്?”
ട്വന്റി ട്വന്റി ലോകകപ്പില്‍ വിജയിച്ച ക്രിക്കറ്റ് താരങ്ങളുമായി പ്രധാനമന്ത്രി മോദി നടത്തിയ സംവാദത്തിന്റെ വീഡിയോ:
ഇതിന് രോഹിത് ശര്‍മ്മ നല്കിയ മറുപടി ഇതായിരുന്നു:”വിജയിച്ച നിമിഷത്തിന്റെ ഒരു ഓര്‍മ്മ സൂക്ഷിക്കണമെന്ന് തോന്നി. ഞങ്ങള്‍ ജയിച്ച പിച്ച് ഇതാണ്. ഞങ്ങള്‍ ഈയൊരു നിമിഷം ഏറെ കൊതിച്ചതാണ്. ഈയൊരു നിമിഷത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഠിനാധ്വാനം ചെയ്തു. പല തവണയും ലോകകപ്പ് വിജയത്തിന്റെ വക്ക് വരെ എത്തി. അത് കൈവിട്ടുപോയി. ഇക്കുറി എല്ലാവരും കാരണം നമ്മള് കപ്പ് നേടി”.
കപ്പ് ഏറ്റുവാങ്ങുമ്പോള്‍ പ്രത്യേക രീതിയില്‍ നടന്നത് എന്തിനാണെന്നായിരുന്നു രോഹിത് ശര്മമയോടുള്ള മോദിയുടെ അടുത്തചോദ്യം. “എന്തെങ്കിലും പുതിയത് ഒന്ന് ചെയ്യാന്‍ ടീമംഗങ്ങള്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു. അതുകൊണ്ടാണ് അങ്ങിനെ നടന്നത്. കുല്‍ദീപിന്റെയും ചാഹലിന്റെയും ആശയമായിരുന്നു അത്”. – രോഹിത് ശര്‍മ്മ പറഞ്ഞു.
വാഹനാപകടം നടന്നിട്ടും ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ചായിരുന്നു റിഷഭ് പന്തിനോട് മോദി ചോദിച്ചത്. “ഒന്നര വര്‍ഷം മുന്‍പായിരുന്നു അപകടം. ഞാന്‍ അതിന് ശേഷം വളരെയധികം വിഷമഘട്ടത്തിലൂടെയാണ് കടന്നുപോയത്. അപ്പോള്‍ ഒരു ദിവസം താങ്കളുടെ (പ്രധാനമന്ത്രിയുടെ) ഫോണ്‍ വന്നു. അമ്മ പറഞ്ഞു താങ്കള്‍ വിളിച്ചെന്നും എല്ലാം ശരിയാകുമെന്ന് പറഞ്ഞെന്നും. അതോടെ അല്പം ആശ്വാസമായി. അതിന് ശേഷം പലരും എനിക്ക് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമോ എന്ന് ചോദിക്കുകയുണ്ടായി. അപ്പോള്‍ വാശിയായി. വീണ്ടും തിരിച്ചുവരണമെന്നും മുന്‍പത്തേതിനേക്കാള്‍ നന്നായി കളിക്കണമെന്നും വാശിയായി.”- റിഷഭ് പന്ത് പറഞ്ഞു.
വിരാട് കോഹ് ലിയുടെ ഫൈനലിലെ കളി ജയിപ്പിച്ച ബാറ്റിങ്ങിനെക്കുറിച്ചും മോദി ചോദിച്ചു. “ലോകകപ്പ് നേടിയശേഷം താങ്കള്‍ ഞങ്ങളെ വിളിച്ച ഈ നിമിഷം ഒരിയ്ക്കലും മറക്കില്ല. ഈ ടൂര്‍ണ്ണമെന്റില്‍ പലപ്പോഴും എനിക്ക് വേണ്ടത്ര സംഭാവന ചെയ്യാന്‍ കഴിയാത്തതിനാല്‍ വിഷമമുണ്ടായിരുന്നു. ഒരിയ്ക്കല്‍ ഞാന്‍ രാഹുല്‍ ദ്രാവിഡിനോട് പറഞ്ഞു. എനിക്ക് എന്നോടും ടീമിനോടും നീതി പുലര്‍ത്താന്‍ കഴിയുന്നില്ല എന്ന്. അപ്പോള്‍ രാഹുല്‍ പറഞ്ഞത് ടീമിന് ആവശ്യം വരുമ്പോള്‍ താങ്കള്‍ അതിനൊത്ത് പ്രവര്‍ത്തിക്കും എന്നാണ്. ഫൈനലില്‍ ആദ്യ നാല് പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ചു ഞാനപ്പോള്‍ രോഹിത് ശര്‍മ്മയോട് പറഞ്ഞു- ഇതെന്താണ് സംഭവിക്കുന്നത്. ഒരു ദിവസം എത്രകളിച്ചാലും റണ്‍ കിട്ടാതാകുമ്പോള്‍ മറ്റൊരു ദിവസം ഇതാ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകുന്നു എന്ന്.
ഹാര്‍ദിക് പാണ്ഡ്യയോട് വിജയത്തിന് പിന്നിലെ വികാരപ്രകടനത്തെക്കുറിച്ചാണ് ചോദിച്ചത്. “ഈയിടെ ജീവിതത്തില്‍ ഒരു പാട് ഉയര്‍ച്ചകളും താഴ്ചകളും സംഭവിച്ചിരുന്നു. പലരും എന്നെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു(ഭാര്യയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മകളും വിവാഹമോചന വാര്‍ത്തകളും). ഇതിനെല്ലാം കളിയിലൂടെ മറുപടി നല്‍കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതാണ് സംഭവിച്ചത്. “- തന്റെ വിജയാഹ്ളാദ പ്രകടനത്തിന് പിന്നിലെ മാനസികാവസ്ഥയെക്കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
വിജയത്തിലേക്ക് നയിച്ച ആ അതിസാഹസിക ക്യാച്ചിനെക്കുറിച്ചായിരുന്നു മോദിക്ക് സൂര്യകുമാറില്‍ നിന്നും കേള്‍ക്കേണ്ടിയിരുന്നത്. “ആ നിമിഷത്തില്‍ ആ ക്യാച്ച് എടുക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. പന്ത് എന്റെ കയ്യില്‍ എത്തിയതോടെ ഞാന്‍ അത് പിടിച്ചു. അതിവേഗം മറ്റൊരാള്‍ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. ഇക്കാര്യം ഞങ്ങള്‍ പല തവണ പരിശീലിച്ചിരുന്നു”. – സൂര്യകുമാര്‍ യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: