ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ പങ്കെടുത്ത് റിപ്പോര്‍ട്ടിങ് നടക്കുന്ന സാഹചര്യത്തില്‍ നേതൃത്വത്തിനെതിരെ തുറന്നെഴുത്തുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്ക്. പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ജീവല്‍ബന്ധം വളരെയേറെ ദുര്‍ബലപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വീഴ്ച സംഘടനാപരമാണ്. വിശ്വാസ്യതയ്‌ക്ക് ഇടിവുതട്ടിയിരിക്കുന്നു ഐസക്ക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നു. ഇത് പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും കാണാം. ജനങ്ങളോട് എപ്പോഴും വിനയത്തോടെവേണം പെരുമാറാന്‍. സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിലുണ്ടായ ഉദാസീന മനോഭാവം പലയിടത്തും ഗൗരവമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തട്ടിപ്പുകള്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. തദ്ദേശഭരണ തലങ്ങളിലും അഴിമതി വര്‍ധിക്കുന്നുണ്ട്.
തുടര്‍ഭരണം ഇത്തരത്തിലുള്ള ദൗര്‍ബല്യങ്ങളെ ശക്തിപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമഗ്രമായ തെറ്റുതിരുത്തല്‍രേഖ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അവ എത്രമാത്രം ഫലപ്രദമായി നടപ്പാക്കിയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മുന്‍കാലത്ത് സര്‍ഗാത്മകതയിലും പഠിത്തത്തിലും മുന്‍നില്‍ക്കുന്നവര്‍ സ്വാഭാവികമായും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ കമ്യൂണിസത്തിന് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലുണ്ടായിരുന്ന അധീശത്വവും ഇതിനു കാരണമാണ്. ഇന്നു സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. ഇവിടെ പറഞ്ഞതൊന്നും പൂര്‍ണമല്ല. പാര്‍ട്ടിക്കുള്ളില്‍ എല്ലാ തലങ്ങളിലും ഇക്കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല പാര്‍ട്ടി അനുഭാവികളോടും ബന്ധുക്കളോടും തുറന്നു ചര്‍ച്ച ചെയ്യുന്നതിനാണു തീരുമാനം, ഐസക്ക് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: