ബുക്കാറസ്റ്റ് : ഇന്ത്യയുടെ കൗമാരതാരങ്ങളായ പ്രജ്ഞാനന്ദയും ഗുകേഷും ലോക രണ്ടും അഞ്ചും റാങ്കുകാരായ ഫാബിയാനോ കരുവാനയെയും ഇയാന്‍ നെപോമ്നിഷിയെയും ഏറെ സമ്മര്‍ദ്ദങ്ങളുള്ള ഏഴാം റൗണ്ടില്‍ സമനിലയില്‍ കുരുക്കി. ഇതുവഴി നാല് പോയിന്റുകള്‍ വീതം നേടി സൂപ്പര്‍ബെറ്റ് ക്ലാസിക് ചെസ്സില്‍ ഇരുവരും രണ്ടാം സ്ഥാനം നിലനിര്‍ത്തി പൊരുതുകയാണ്.
പ്രജ്ഞാനന്ദയും റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയും തമ്മിലുള്ള മത്സരം ഓപ്പണ്‍ റുയിലോപസിലാണ് തുടങ്ങിയത്. തികച്ചും സമനിലയില്‍ അവസാനിക്കാന്‍ സാധ്യതയുള്ള ഓപ്പണിംഗ്. പതിവുള്ള ആക്രമണോത്സുകത പ്രകടമാക്കാന്‍ പ്രജ്ഞാനന്ദയും ശ്രമിച്ചില്ല. കാരണം ഇയാന്‍ നെപോമ്നിഷി അപകടകാരിയാണ്. ഒരു നീക്കം തെറ്റിയാല്‍ അതില്‍ പിടിച്ച് കയറി വിജയം തട്ടിയെടുക്കുന്നവനാണെന്ന് പ്രജ്ഞാനന്ദയ്ക്കറിയാം. റുയിലോപസില് ആരും കളിക്കാത്ത ഒരു വേരിയേഷന്‍ മിഡില്‍ ഗെയിമില്‍ കൊണ്ടുവരാന്‍ ഇയാന്‍ നെപോമ്നിഷി ശ്രമിച്ചിരുന്നു. “എതിരാളി ഞെട്ടുമെന്നാണ് കരുതിയത്. പക്ഷെ പ്രജ്ഞാനന്ദയ്ക്ക് ഈ വേരിയേഷന്‍ അവസാനം വരെ മനപാഠമായിരുന്നു.”- നെപോമ്നിഷിയുടെ വാക്കുകള്‍. പ്രജ്ഞാനന്ദ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു എന്നതിന്റെ തെളിവാണിത്.
ഗുകേഷും അമേരിക്കയുടെ കരുവാനയും തമ്മിലുള്ള മത്സരം കൂടുതല്‍ സങ്കീര്‍ണ്ണമായിരുന്നു.” ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എന്താണ് കളിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയില്ലായിരുന്നു”.- കരുവാന പറയുന്നു. രണ്ടു പേരും സമനിലയ്ക്കപ്പുറമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വിജയത്തിലേക്ക് കയറാന്‍ കഴിഞ്ഞതുമില്ല. 50ാം നീക്കം കഴിഞ്ഞപ്പോള്‍ കരുവാനയ്ക്ക് മൂന്ന് മിനിറ്റും ഗുകേഷിന് ഒരു മിനിറ്റും ക്ലോക്കില്‍ ശേഷിക്കുമ്പോള്‍ വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷ കരുവാനയ്ക്കുണ്ടായിരുന്നു. പക്ഷെ വിജയത്തിലേക്ക് നയിക്കുന്ന നീക്കം കണ്ടെത്താന്‍ കരുവാനയ്ക്ക് സാധിച്ചില്ല എന്നതിനാല്‍ മത്സരം സമനിലയില്‍ അവസാനിച്ചു.
യുഎസിന്റെ വെസ്ലി സോയും ഉസ്ബെക്കിസ്ഥാന്റെ അബ്ദുസത്തൊറോവും തമ്മിലുള്ള മത്സവും അനീഷ് ഗിരിയും ഫ്രാന്‍സിന്റെ വാചിയര്‍ ലെഗ്രാവും തമ്മിലുള്ള മത്സരവും ഫ്രാന്‍സിന്റെ ഫിറൂഷയും റൊമാനിയയുടെ ഡിയാകും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചു. എന്തായാലും വിജയം എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സംഗതിയായി സൂപ്പര്‍ബെറ്റ് ചെസില്‍ മാറുകയാണ്.
ഇനി രണ്ട് റൗണ്ടുകളേ ബാക്കിയുള്ളൂ. നാലരപോയിന്റോടെ കരുവാന മുന്പില് നില്ക്കുന്നു. നാല് പോയിന്റ് വീതം നേടി പ്രജ്ഞാനന്ദയും ഗുകേഷും അലിറെസ ഫിറൂഷയും രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ഇയാന്‍ നെപോമ്നിഷിയും മാക്സിം വാചിയര്‍ ലെഗ്രാവും മൂന്നര പോയിന്റ് വീതം നേടി മൂന്നാം സ്ഥാനത്തും വെസ്ലി സോയും നോഡിബെക് അബ്ദുസത്തൊറൊവും അനീഷ് ഗിരിയും മൂന്ന് പോയിന്റ് വീതം നേടി നാലാം സ്ഥാനത്തും നില്ക്കുന്നു. രണ്ടര പോയിന്റ് മാത്രം നേടി ബോഗ്ഡന്‍ ഡാനിയേല്‍ ഡിയാക് ആണ് അഞ്ചാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: