തിരുവനന്തപുരം: നവകേരളാ വാഹനത്തിന് മുന്നിൽ കരിങ്കൊടി കാണിച്ചവരെ തല്ലിച്ചതച്ചത് രക്ഷാപ്രവർത്തനം തന്നെയെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറഞ്ഞു. നാളെയും പറയും. പ്രതിപക്ഷത്തിന് വേണ്ടി മാധ്യമങ്ങൾ ബഹളം വച്ചതുകൊണ്ട് വസ്തുത വസ്തുതയല്ലാതാവില്ല. മാധ്യമവേട്ടയിൽ തകർന്നുപോകുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കാര്യവട്ടം ക്യാമ്പസിൽ കെ.എസ്.യു നേതാവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞുവെന്നും കുറ്റപ്പെടുത്തി. ക്യാമ്പസിലെ ഹോസ്റ്റലിൽ പുറത്തുനിന്ന് ഒരാൾ കയറിയതാണ് തർക്കത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. എസ്എഫ്ഐക്കാർ ആയതുകൊണ്ടുമാത്രം 35 പേർ കൊല്ലപ്പെട്ടു. കെ.എസ്.യുവിന് ഇത്തരം ചരിത്രം പറയാനുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. എകെജി സെൻ്റർ ആക്രമണവും വയനാട് ഡിസിസി ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതും ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കെപിസിസി പ്രസിഡന്റിന്റെ അടുത്ത അനുയായിയാണ് എകെജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായത്. തനിക്ക് നേരെ വിമാനത്തിലുണ്ടായ ആക്രമണത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് വ്യക്തമായിരുന്നു.
ഏതെല്ലാം തരത്തിലുള്ള മാധ്യമവേട്ട നേരിട്ടാണ് ഞങ്ങളെല്ലാം ഇവിടെ നിൽക്കുന്നത് എന്ന ചോദിച്ച മുഖ്യമന്ത്രി ഈ പ്രചരണം കൊണ്ടൊന്നും തകർന്നു പോകുന്നവരല്ല ഞങ്ങളെന്നും അങ്ങനെ ഒരു വ്യാമോഹം വേണ്ടെന്നും മറുപടി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: