തിരുവല്ല: നഗരസഭയിലെ ജീവനക്കാര്‍ ഓഫീസില്‍വച്ച് റീല്‍സ് ചിത്രീകരിച്ച ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കില്ല. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. അവധി ദിനത്തില്‍ ജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഞായറാഴ്ച ദിവസത്തിലാണ് റീല്‍സ് എടുത്തത്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്.
ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും എംബി രാജേഷ് അറിയിച്ചു. സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.
ഞായറാഴ്ചയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ജീവനക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാല്‍ സീനിയര്‍ സൂപ്രണ്ടിനാണ് വിശദീകരണം നല്‍കിയത്. ദുരന്തനിവാരണത്തിന്റെ ഭാഗമായി കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അന്ന് ജോലിക്കെത്തിയത്. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍സ് എടുത്തതെന്നും ജീവനക്കാര്‍ വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: