തിരുവനന്തപുരം: എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്യാമ്പസുകളിൽ എസ്എഫ്ഐ ഗുണ്ടായിസം വ്യാപിക്കുന്നു. നേതാക്കൾ പ്രവർത്തകരെ കയറൂരി വിടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കാര്യവട്ടം ക്യാമ്പസിലും ശ്രീകാര്യം പോലീസ് സ്റ്റേഷന് മുന്നിലും എസ്.എഫ്.ഐ -കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.
അല്‍പമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൻസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസും സർക്കാരും ഒരു നടപടിയും ഇവർക്കെതിരെ സ്വീകരിക്കുന്നില്ലെന്നും കൊയിലാണ്ടിയിലെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും എസ്എഫ്ഐയെ സംരക്ഷിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയും സിപിഐമ്മും എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്നു. പാർട്ടി തകർന്ന് തരിപ്പണമായിട്ടും സിപിഎം പാഠം പഠിച്ചില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല. താൻ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും തീരുമാനിച്ചാൽ മത്സരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. വയനാട് ഉൾപ്പെടെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരം പ്രകടിപ്പിക്കും. രാഹുൽ ഗാന്ധി വയനാട് തന്റെ കുടുംബമാണ് എന്നാണ് പറഞ്ഞത്. ഇത് കുടുംബക്കാരെ മത്സരിപ്പിക്കാനാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: