തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. നന്ദിപ്രമേയ ചർച്ചയിലാണെന്നോ രാഷ്‌ട്രപതിക്കുള്ള നന്ദി രേഖപ്പെടുത്തുകയാണെന്നോ ഒരു പരാമർശവും നടത്താതെ പാർലമെന്ററിന്റെ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള ഒരു കവലപ്രസംഗമാണ് തിങ്കളാഴ്ച ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയതെന്ന് വി.മുരളീധരൻ പറഞ്ഞു.
ഇത്രയും തെറ്റിദ്ധാരണാജനകമായിട്ടുള്ള, അവാസ്തികമായിട്ടുള്ള അസത്യങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പ്രസംഗം ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ ഒരു പാർലമെന്ററി നേതാവും നടത്തിയിട്ടുണ്ടാവില്ല. ഹിന്ദു സമൂഹം വെറുപ്പിന്റെയും ഹിംസയുടെയും അസത്യത്തിന്റെയും വക്താക്കളാണെന്ന ആക്ഷേപമാണ് രാഹുൽ ഗാന്ധി നടത്തിയത്. പരാമർശങ്ങൾ പിൻവലിച്ച് രാഹുൽ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.
ഹിന്ദു സമൂഹം സഹിഷ്ണുതയുടെ സമൂഹമാണെന്ന് മുരളീധരൻ പറഞ്ഞു. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 19 അംഗങ്ങൾ രാഹുൽ ഗാന്ധിയെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇത് മലയാളികൾക്ക് ആകമാനം ലജ്ജാകരം. കേരളത്തിലെ ഹിന്ദുക്കളുടെ വോട്ടുകൾ കൂടി നേടിക്കൊണ്ടാണ് അവർ വിജയിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എംപിമാർ മലയാളികൾക്ക് മുഴുവൻ അപമാനമാണെന്നും കേരളത്തിലെ ഹിന്ദു സമൂഹത്തോട് എംപിമാർ മാപ്പ് പറയണമെന്നം മുരളീധരൻ ആവശ്യപ്പെട്ടു.
അതേസമയം ലോക്‌സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കി. ഹിന്ദു പരാമർശവും മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങളുമാണ് രേഖയിൽ നിന്ന് നീക്കിയത്. ആർഎസ്എസിനെതിരായ പരാമർശവും നീക്കം ചെയ്തു. രാഹുലിന്റെ ഹിന്ദു പരാമർശത്തിനെതിരെ ഭരണപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: