തിരുവനന്തപുരം : സംസ്ഥാനത്തെ 11 പൊതുമേഖലാ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ് . സംസ്ഥാന ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‌റെ കോട്ടയം യൂണിറ്റ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന നിലയിലാണെന്ന് അദ്‌ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
വിപണിയിലെ കടുത്ത മത്സരവും ഉല്‍പ്പന്നങ്ങളുടെ വില ലഭിക്കാനുള്ള കാലതാമസവുമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയത് . കൈത്തറി കയറ്റുമതിയും ഗണ്യമായി കുറഞ്ഞു. സ്‌കൂള്‍ യൂണിഫോം തയ്യാറാക്കിയതിന്റെ കുടിശ്ശിക കൈത്തറി സംഘങ്ങള്‍ക്ക് 18 കോടി രൂപയും സ്പിന്നിംഗ് മില്ലുകള്‍ക്ക് 5.64 കോടി രൂപയും നല്‍കാനുണ്ട്.
സംസ്ഥാന ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ എടരിക്കോട് , കോട്ടയം യൂണിറ്റുകള്‍, സീതാറാം ടെക്‌സ്‌റ്റൈല്‍സ്, തൃശ്ശൂര്‍ സഹകരണ സ്പിന്നിങ്ങ് മില്‍, മലബാര്‍ സഹകരണ സ്പിന്നിങ്ങ് മില്‍, ഓട്ടോ കാസ്റ്റ്, ട്രാവന്‍കൂര്‍ സിമന്‌റ്‌സ്, ബാംബു കോര്‍പ്പറേഷന്‍, ട്രാക്കോ കേബിള്‍ കമ്പനി, സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍, കേരള ഓട്ടോമൊബൈല്‍സ് എന്നിവയാണ് പ്രതിസന്ധിയിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: