കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കുത്തിക്കൊലപ്പെടുത്തിയതിന്റെ ആറാം വാര്‍ഷികം എസ്എഫ്ഐ ഇന്ന് ആചരിക്കുമ്പോള്‍ കൊലപാതകത്തിന്റെ ഗൂഢാലോചനയും നിര്‍ണായക തെളിവായ കത്തിയും ഇതുവരെയും പോലീസിന് കണ്ടെത്താനായില്ല.
മത തീവ്രവാദികളുമായി സിപിഎം നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഇരയാണ് അഭിമന്യൂ. പാര്‍ട്ടി സംസ്ഥാനം ഭരിക്കുമ്പോള്‍ പ്രതികളെ പിടികൂടാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് അഭിമന്യുവിന്റെ മാതാപിതാക്കള്‍ പ്രഖ്യാപിച്ചതോടെ മുഖ്യപ്രതി ആരിഫ് ബിന്‍ സലിം പോലീസുമായുള്ള ധാരണ പ്രകാരം പെരുമ്പാവൂരില്‍ നിന്നും പിടിയിലായി. മറ്റൊരു പ്രതി സഹല്‍ ഹംസ പോലീസിന്റെ അറിവോടെ കോടതിയിലും ഹാജരായി. പിടികൂടിയവരില്‍ കൂടുതല്‍ പേരെയും പിഎഫ്ഐ ക്കാര് വിട്ടു നല്‍കിയതാണെന്ന് ആരോപണം ഉയര്‍ന്നിട്ടും എസ്എഫ്ഐക്കാര്‍ ചോദ്യം ചെയ്യാന്‍ പോലും തയാറായില്ല.
ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഇതുവരെയും ആഭ്യന്തരവകുപ്പിനായില്ല. പ്രത്യേക അന്വേഷണ സംഘത്തിന് ആവശ്യം ഉയര്‍ന്നെങ്കിലും ഒരു കമ്മിഷനെ പോലും നിയമിച്ചില്ല. ഗൂഢാലോചനയില്‍ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതൃത്വത്തിന് പങ്കുണ്ടെന്ന് പോലീസും സമ്മതിക്കുന്നുണ്ട്. മത ഭീകരസംഘടനയുമായി സന്ധി ചെയ്യലും ധാരണയുമാണ് അഭിമന്യുവിന്റെ ആസൂത്രിത കൊലപാതകത്തില്‍ സിപിഎം മൗനം പാലിക്കാന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. കേസ് വിചാരണ തുടങ്ങാതെ കെട്ടിക്കിടക്കുന്നതിനിടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ 11 രേഖകളാണ് കാണാതായി. ഇവ പുനഃസൃഷ്ടിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് എസ്ഡിപിഐ- ക്യാമ്പസ് ഫ്രണ്ടുകാര്‍ അഭിമന്യുവിനെ കുത്തിക്കൊന്നത്. ഈ മാസം 15ന് കേസ് കോടതി പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: