കൊച്ചി: കാൽനൂറ്റാണ്ടുമുൻപ് പടിയിറങ്ങിപ്പോയ ‘അമ്മ’വീട്ടിലേക്ക് കേന്ദ്രമന്ത്രിയെന്ന പദവിയോടെ ‘ആദ്യമകനായ’ സുരേഷ് ഗോപി കയറിവന്നു. ഞായറാഴ്ച കൊച്ചിയിൽ നടന്ന്ജനറൽബോഡിയോഗത്തിൽ കെ.ബി. ഗണേഷ് കുമാറിനുകൂടി ആദരമൊരുങ്ങുമ്പോൾ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അംഗത്വപ്പട്ടികയിലെ ആദ്യരണ്ടു പേരുകാർ മന്ത്രിമാരായി ആദരമേറ്റുവാങ്ങുന്ന അപൂർവതയ്‌ക്ക് സഹപ്രവർത്തകർ സാക്ഷികളായി
1994 മേയ് 31-ന് തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളിൽ രൂപംകൊണ്ട ‘അമ്മ’ എന്ന സംഘടനയ്‌ക്കുപിന്നിൽ സുരേഷ് ഗോപിയായിരുന്നു.ഷൂട്ടിങ് സെറ്റിൽ കുപ്പിവെള്ളം ചോദിച്ചപ്പോൾ നിർമാതാവിൽനിന്നുണ്ടായ മുറിവിന്റെ നീറ്റലിൽനിന്നുയർന്നുവന്ന ചിന്ത തനിക്കുണ്ടായ അനുഭവം ഗണേഷ് കുമാറിനോടും മണിയൻപിള്ള രാജുവിനോടും പങ്കുവെച്ച സുരേഷ് ഗോപി അഭിനേതാക്കൾക്കായി കൂട്ടായ്‌മ വേണമെന്നു പറയുമ്പോൾ അവിടെ ഒരു കുഞ്ഞിനെപ്പോലെ ‘അമ്മ’ പിറന്നു.
മൂവരും പതിനായിരം രൂപവീതമെടുത്ത് സ്വരുക്കൂട്ടിയ മുപ്പതിനായിരം രൂപയായിരുന്നു മൂലധനം. സുരേഷ് ഗോപിതന്നെ ആദ്യം അംഗത്വമെടുത്തു.ഗണേഷ് രണ്ടാമനും രാജു മൂന്നാമനുമായി. എം.ജി. സോമൻ പ്രസിഡന്റും ടി.പി. മാധവൻ സെക്രട്ടറിയും മമ്മൂട്ടിയും മോഹൻലാലും വൈസ് പ്രസിഡന്റുമാരുമായ ആദ്യഭരണസമിതിയിൽ സംഘടനയ്‌ക്ക് കളമൊരുക്കിയ മൂന്നുപേരും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി. 1997-ൽ സുരേഷ് ഗോപി വൈസ് പ്രസിഡന്റായി.പക്ഷേ, ‘അറേബ്യൻ ഡ്രീംസ്’ എന്ന താരനിശയുടെ പേരിലുണ്ടായ തർക്കങ്ങളെത്തുടർന്ന് അദ്ദേഹം സംഘടനയിൽനിന്നകന്നു.മെഡിക്കൽക്യാമ്പിലേക്ക് ക്ഷണിച്ച് ഇടവേള ബാബു മഞ്ഞുരുക്കിയെങ്കിലും 1997-നുശേഷം ജനറൽബോഡി യോഗത്തിൽ അദ്ദേഹം പങ്കെടുക്കുന്നത് ഇതാദ്യമാണ്.
രാഷ്‌ട്രീയത്തിലിറങ്ങിയപ്പോഴും മന്ത്രിയായിരുന്നപ്പോഴും ‘അമ്മ’യിൽ സജീവമായിരുന്നു ഗണേഷ് കുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: