കോട്ടയം: പൊതുവിദ്യാലയങ്ങളില്‍നിന്ന് റിട്ടയര്‍ ചെയ്ത അധ്യാപകരെക്കൊണ്ട് സ്പെഷ്യല്‍ ക്ലാസ്സ് എടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇതിനായി അധ്യാപക ബാങ്ക് തയ്യാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറയുന്നു. സ്പെഷ്യല്‍ ക്ലാസുകള്‍ക്കും അധ്യാപക പരിശീലനങ്ങള്‍ക്കും പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍ക്കും മറ്റും ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ചൂണ്ടിക്കാണിക്കുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍. കോവിഡ് കാലത്തിനു ശേഷം പുതിയ അധ്യാപക തസ്തികള്‍ സൃഷ്ടിക്കാതെയും റിട്ടയര്‍ ചെയ്ത ഒഴിവുകളില്‍ പകരം നിയമനം നടത്താതെയും സ്കൂളുകളുടെ പ്രവര്‍ത്തനം താറുമാറായ സാഹചര്യത്തില്‍ വിരമിച്ച അധ്യാപകരെ എങ്ങിനെയും സ്കൂളുകളില്‍ തിരികെ യെത്തിച്ച് പണിയെടുപ്പിക്കുകയാണ് ഇതിനു പിന്നിലെന്നും ആരോപണം ഉയരുന്നു. ഇവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുകയെന്ന ന്യായമാണ് ഇതിനു കാരണമായി പറയുന്നത്. ഇതിനു മുന്‍പൊന്നും അനുഭവസമ്പത്തുള്ള അധ്യാപകര്‍ ഇല്ലായിരുന്നു എന്ന മട്ടിലാണ് സര്‍ക്കാരിന്റെ നീക്കം. അനുഭവസമ്പത്തിന്റെ പേരില്‍ പാര്‍ട്ടി അനുഭാവികളെ വീണ്ടും നിയമിക്കാനുള്ള തന്ത്രമാണ് വിദ്യാഭ്യാസ വകുപ്പ് പയറ്റുന്നതെന്നും ആക്ഷേപം ഉയരുന്നു. ഭരണപക്ഷ അനുകൂല അധ്യാപക സംഘടനകളില്‍ പെട്ട നേതാക്കളെ പിന്‍വാതിലിലൂടെ വീണ്ടും സ്കൂളുകളുടെ ഭരണനിയന്ത്രണത്തിലേക്ക് തിരുകിക്കയറ്റാനും ഇതുവഴി കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: