ന്യൂദൽഹി : ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയായിരുന്നു മോദി താരങ്ങളെ അഭിനന്ദിച്ചത്.
‘ചാമ്പ്യൻസ്, ഞങ്ങളുടെ ടീം ടി 20 ലോകകപ്പ് വീട്ടിലേക്ക് കൊണ്ടുവരുന്നു! ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ഈ മത്സരം ചരിത്രമാണ്’- എന്നാണ് മോദി എക്സിൽ കുറിച്ചിരിക്കുന്നത്.
‘140 കോടിയിലധികം ഇന്ത്യക്കാർ ക്രിക്കറ്റ് താരങ്ങളുടെ പ്രകടനത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ മോദി പറഞ്ഞു. അവർ മൈതാനത്ത് ട്രോഫി നേടുക മാത്രമല്ല, ഗ്രാമങ്ങളിലും തെരുവുകളിലുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നെടുക്കുകയും ചെയ്തു’- മോദി കൂട്ടിച്ചേർത്തു.
ഇന്ത്യ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്നും മോദി എടുത്തു പറഞ്ഞു. കാത്തിരുന്ന് നേടിയ കിരീടത്തിന്റെ ആഹ്ലാദത്തിമിർപ്പിലാണിപ്പോൾ ടീം ഇന്ത്യ. 17 വര്‍ഷങ്ങൾക്ക് ശേഷമാണ് ടി20 ലോകകപ്പിൽ ഇന്ത്യ കിരീടമുയർത്തിയത്.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐ സി സി കിരീടം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: