കോട്ടയം ജില്ലാ പ്രചാരകനായിരുന്ന 1964 67 കാലത്ത് എനിക്ക് കടുത്ത അപകര്‍ഷതാബോധം ഉണ്ടായതിനു കാരണം ഘോഷ് സംബന്ധമായ അജ്ഞതയായിരുന്നു. അക്കാലത്ത് ഘോഷവാദ്യോപകരണങ്ങള്‍ക്ക് ഇംഗ്ലീഷ് പേരുകളാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്റെ സംഘപരിചയത്തിന്റെ തുടക്കത്തിലെ നാലുകൊല്ലം തിരുവനന്തപുരത്തും തുടര്‍ന്ന് വടക്കേ മലബാറിലും ആയിരുന്നു. അവിടെയും ഘോഷ് ഉണ്ടായിരുന്നില്ല. അക്കാലത്ത് എറണാകുളത്തും കോഴിക്കോട്ടും ആണ് ഘോഷ് ഉണ്ടായിരുന്നത്. തൃശ്ശിവപേരൂരിലെയും ആലപ്പുഴയിലെയും സ്വയംസേവകര്‍ വംശിയും ആനക്കും മറ്റും സ്വന്തം നിലയ്ക്ക് അഭ്യസിച്ച് ശീലിച്ചു വന്നു. ഹരിയേട്ടന്റെ ഒരു സന്ദര്‍ശന വേളയില്‍ എന്റെ ആഗ്രഹം അറിയിച്ചു. അദ്ദേഹം അതിനോട് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. പ്രശ്നത്തിന് പ്രായോഗികമായ ഒരു പോംവഴിയും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആലപ്പുഴയില്‍ പോയാല്‍ അവിടുത്തെ സ്വയംസേവകരില്‍ നിന്ന് വംശിയും ആനക്കും പരിശീലിക്കാം. ഒരു വൈകുന്നേരം ചങ്ങനാശ്ശേരിയില്‍ നിന്ന് ബസ്സില്‍ പോയാല്‍ ഒന്നരമണിക്കൂര്‍ കൊണ്ട് എത്താം. തിരുവമ്പാടി സ്റ്റോപ്പില്‍ ബസ്സിറങ്ങിയാല്‍ അടുത്തുതന്നെയാണ് കാര്യാലയം. ചങ്ങനാശേരി ആലപ്പുഴ ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരമേയുള്ളൂ മൂന്നു കടത്തുകള്‍ കടക്കാന്‍ ഉണ്ടായിരുന്നതിനാല്‍ ആണ് കൂടുതല്‍ സമയം വേണ്ടി വരിക. പമ്പാ നദിയുടെ നീരൊഴുക്കിന്റെ പ്രധാന ഭാഗം കടക്കാന്‍ മോട്ടോര്‍ ബോട്ടില്‍ ഘടിപ്പിച്ച ചങ്ങാടം ആയിരുന്നു. പള്ളാത്തുരുത്തിയില്‍ അഴിമതി കാട്ടിയ 8 ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരെ ചാക്കില്‍ കെട്ടി മുക്കിക്കൊന്നു വന്ന വ്യാജ ആരോപണമുയര്‍ത്തിയാണ് വേലുത്തമ്പി ദളവയ്ക്കെതിരെ ഈസ്റ്റ് ഇന്ത്യാ കമ്പനി നടപടിയെടുക്കാന്‍ തുനിഞ്ഞത്. കുമാരനാശാന് അപകടമരണം പിണഞ്ഞ പല്ലനയും അതിനടുത്താണ്. ഇന്ന് കടവുകള്‍ക്ക് പാലം വന്നു. അരമണിക്കൂര്‍ കൊണ്ട് ആ ദൂരം പിന്നിടാന്‍ കഴിയും. അങ്ങനെ ഒരു സന്ധ്യ കഴിഞ്ഞ് ആലപ്പുഴയിലെത്തി കാര്യാലയം കണ്ടെത്തി. ഹരിയേട്ടന്റെ നിര്‍ദ്ദേശം അനുസരിച്ച് അവിടെ സ്വയംസേവകര്‍ കാത്തുനിന്നിരുന്നു. ആദ്യം വംശിയുടെ പ്രാഥമിക പാഠങ്ങള്‍ കാണിച്ചു തന്നു. സപ്തസ്വരങ്ങള്‍ ആരോഹണക്രമത്തിലും അവരോഹണ ക്രമത്തിലും വായിക്കുന്നതാണ് ആദ്യത്തെ രാത്രി പഠിപ്പിച്ചത്. ചെറുപ്പക്കാര്‍ക്ക് വേഗം അത് സ്വായത്തമാക്കാം ആയിരുന്നു. എന്റെ പ്രായത്തില്‍ പുതിയ കാര്യങ്ങള്‍ പഠിച്ചുറപ്പു വരുത്താന്‍ കൂടുതല്‍ സമയം വേണ്ടി വന്നു.
ഭൂപഭൂഷണമപി ഭജാമി
രാഷ്ട്ര ധര്‍മ്മ സംരക്ഷണം
ശിവാധിപംഭവത് പതിത
ധേനുവി പ്രരക്ഷണം
എന്നുതുടങ്ങി ധ്വജാരോഹണ സമയത്തെ വംശീവായന സ്വായത്തമാക്കാന്‍ കുറേ ദിവസങ്ങള്‍ അധ്വാനിക്കേണ്ടി വന്നു. പലപ്പോഴും പരിപാടി മതിയാക്കാന്‍ തോന്നി ആലപ്പുഴയിലെ സ്വയംസേവകരുടെ ക്ഷമാപൂര്‍വ്വമായ പരിശ്രമം മൂലം ഒരുവിധം തെറ്റു കൂടാതെ ഭൂപഭൂഷണം വായിക്കാം എന്നായി.
അതുപോലെതന്നെ ആനക്കിന്റെ താളവും പരിശീലിച്ചു അതിന്റെ അഭ്യാസത്തിനായി രണ്ട് കോലുകളും അവര്‍ തന്നു. അവയുമായി ചങ്ങനാശ്ശേരിയിലെ കാര്യാലയത്തില്‍ എത്തി ആരുമില്ലാത്തപ്പോള്‍ സാധകം ചെയ്തുകൊണ്ടിരുന്നു. ആ കെട്ടിടത്തിലെ മറ്റു മുറികളില്‍ താമസിച്ചിരുന്നവര്‍ ഈ സംഗീതവും മേളവും കേട്ട് വിസ്മയിച്ച് വന്ന് വിവരമന്വേഷിച്ചു. അവര്‍ക്കത് ശല്യം ആണെന്ന് കണ്ടു പരിപാടി നിര്‍ത്തിവച്ചു.
ശ്രീ ഗുരുജിയുടെ ഷഷ്ഠിപൂര്‍ത്തിയുമായി ബന്ധപ്പെടുത്തി കേരളത്തിലെ മുഴുവന്‍ സ്വയംസേവകര്‍ക്കുമായി കോഴിക്കോട്ട് പ്രാന്തീയ ശിബിരം നടത്താനുള്ള തീരുമാനം അതിനിടെ സംഘാധികാരിമാര്‍ എടുത്തിരുന്നു. ശിബിരമാകുമ്പോഴേക്കും ഗുരുജി സാഹിത്യത്തിലെ ചില പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിരുന്നു. അമ്പത്തിയൊന്നാം പിറന്നാള്‍ കാലത്ത് രചിക്കപ്പെട്ട ശ്രീ ഗുരുജി മാന്‍ ആന്‍ഡ് മിഷന് എന്നതായിരുന്നു ഒരു പുസ്തകം. അത് മലയാളത്തിലാക്കി അച്ചടിപ്പിച്ച് അയക്കാനുള്ള ചുമതല മാധവജി എന്നെ ഏല്‍പ്പിച്ചു. പെരുന്നയിലെ എന്‍എസ്എസ് പ്രസ്സില്‍ അത് അടിപ്പിച്ച് അയച്ചുകൊടുത്തു.
കേരള രാഷ്ട്രീയം അത്യന്തം കലുഷമായ കാലമാണ് തുടര്‍ന്നുവന്നത്. അടിസ്ഥാനപരമായും ജാതിയുടെ പേരില്‍ ഹിന്ദു സമാജത്തെ പിളര്‍ക്കുന്ന തരത്തില്‍ ക്രിസ്ത്യന്‍ സഭകളുമായി ചേര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപം കൊള്ളുകയും അതിന്റെ സൂത്രധാരത്വം പെരുന്നയില്‍ നിന്ന് നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തകര്‍ക്ക് അത് വളരെ വിമ്മിഷ്ടം ഉണ്ടാക്കി.
പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭാരതീയ ജനസംഘത്തിന്റെയും മസ്ദൂര്‍ സംഘത്തിന്റെയും പ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആശയം പ്രബലമാവുകയും രാ വേണുഗോപാലനെ ജനസംഘത്തിലേക്ക് നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തെ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ഭാരമേല്‍പ്പിച്ചു. ജനസംഘ പ്രവര്‍ത്തനത്തിന് ഞാനും നിയോഗിക്കപ്പെട്ടു. തുടര്‍ന്ന് ഹരിയേട്ടനും ഒരുമിച്ച് കോട്ടയം ജില്ലയിലെ ശാഖകളില്‍ പോയി വിടവാങ്ങിയാണ് കോഴിക്കോട്ടേക്ക് പോയത്.
സ്വന്തം സാധനങ്ങളൊക്കെ ഒരു പെട്ടിയിലാക്കി പാര്‍സല്‍ കമ്പനിയില്‍ ബുക്ക് ചെയ്തു കോഴിക്കോട്ടേക്ക് അയച്ച് കയ്യുംവീശിയാണ് അവിടെയെത്തിയത്. വര്‍ഷങ്ങളായി സംഘശിക്ഷാ വര്‍ഗുകളില്‍ ശിക്ഷകനായി എന്നെ പരിചയപ്പെട്ട പല കാര്യകര്‍ത്താക്കളും പുതിയ വേഷത്തില്‍ കാണാനായി ജനസംഘ കാര്യാലയത്തില്‍ വന്നു തുടങ്ങി. അതില്‍ രത്നാകരനെന്നയാള് വന്നപ്പോള്‍ പാര്‍സലായി വന്ന പെട്ടി തുറന്ന് സാധനങ്ങള്‍ അടുക്കി പെറുക്കുകയായിരുന്നു ഞാന്‍. അയാള്‍ അതില്‍ എന്നെ സഹായിച്ചു. കൂട്ടത്തില്‍ വംശിയും എന്റെ ഗണഗീതം എഴുതിയ പുസ്തകവും ഉണ്ടായിരുന്നു. ഇനി നിങ്ങക്ക് ഇതിന്റെ ആവശ്യമില്ലല്ലോ എന്ന് പറഞ്ഞ് അത് രണ്ടും അയാള്‍ എടുക്കാന്‍ തുടങ്ങി. 1951 മുതല്‍ 16 വര്‍ഷക്കാലമായി ഞാന്‍ എഴുതി സൂക്ഷിച്ചിരുന്ന ഗണഗീത പുസ്തകം ആയിരുന്നു അത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മറാഠി, ബംഗാളി ഭാഷകളിലുള്ള നൂറിലേറെ കൃതികള്‍ അതില്‍ ഉണ്ടായിരുന്നു. അത് അയാള്‍ പ്രയോജനപ്പെടുത്തിയിരിക്കും എന്ന് ഞാന്‍ ആശിക്കുന്നു. രത്നാകരന് കുറേക്കാലം വയനാട്ടില്‍ ഗണപതിവട്ടത്ത് (ബത്തേരി ) പ്രചാരകനായിരുന്നു. ആരുടെയും മനസ്സിനെ സ്വാധീനിക്കാനുള്ള സ്വഭാവം അദ്ദേഹത്തിനുണ്ട്. വയനാട്ടിലെ കുറിച്യ സമുദായം വളരെ സവിശേഷ സ്വഭാവമുള്ളതാണല്ലോ. അന്യ സമുദായങ്ങളോട് അകലം പാലിക്കുന്ന അവര്‍ക്കിടയില്‍ സംഘ സന്ദേശവുമായി ചെന്ന് അവിടെ പ്രവേശം സാധിച്ച ആത്മീയത അദ്ദേഹത്തിനുണ്ടായിരുന്നു. ആനേരിമുട്ടില് എന്ന കുറിച്യ തറവാട്ടില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ പോയി താമസിച്ചപ്പോള്‍ രത്നാകരന് അവര്‍ക്കിടയില്‍ സൃഷ്ടിച്ച സ്വാധീനത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞു.
ചങ്ങനാശ്ശേരി കാര്യാലയത്തില്‍ ആരംഭിച്ച ഈ പ്രകരണം ഗണപതി വട്ടത്തെത്തി (അതോ സുല്‍ത്താന്‍ ബത്തേരിയോ ?) സുല്‍ത്താനെ കൈവിടാന്‍ പലര്‍ക്കും മടി ആണല്ലോ. ഒരു സംഘപഥം വായിച്ചശേഷം എറണാകുളത്തെ ആദ്യകാല സ്വയംസേവകനും
ജന്മഭൂമിയുടെ സ്ഥാപനത്തില്‍ അവിസ്മരണീയമായ പങ്കുവഹിക്കുകയും ചെയ്ത ശ്രീ കെ ജി വാധ്യാര് (ഗുണ ഭട്ട് ) എഴുതിയത് ‘സംഘപഥം അപ്പൂപ്പന്താടി പോലെ പറന്നു നടക്കുകയാണല്ലോ’ എന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: