മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ വന്സൗജന്യപ്രഖ്യാപനത്തില് ഉദ്ധവ് താക്കറെയും ശരദ് പവാറും നാനാപടോളെയും ഞെട്ടി. 21 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ വീതം നല്‍കും. സ്ത്രീകള്‍ക്ക് മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ബജറ്റിലാണ് ഈ പ്രഖ്യാപനം. ജൂലായ് മുതല്‍ തുക നല്കിത്തുടങ്ങും. മാസം തോറും 46 കോടി രൂപ നീക്കിവെയ്ക്കേണ്ടതായി വരും. മഹാരാഷ്ട്രയിലെ മണ്‍സൂണ്‍ കാല സമ്മേളനത്തിലാണ് വെള്ളിയാഴ്ച ധനമന്ത്രി കൂടിയായ അജിത് പവാര്‍ ജനപ്രിയ ബജറ്റ് അവതരിപ്പിച്ചത്.
മധ്യപ്രദേശില്‍ ഇതിന് സമാനമായ സൗജന്യ സഹായപദ്ധതി സ്ത്രീകള്‍ക്ക് നടപ്പാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ചുകൊണ്ടുള്ള പദ്ധതിയാണ് മഹാരാഷ്ട്രയില്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രി മാജി ലഡ്കി ബഹിന്‍ യോജന എന്ന പേരിലാണ് ഈ പദ്ധതി നടപ്പാക്കുകയെന്ന് അജിത് പവാര്‍ പറഞ്ഞു. ലഡ് ലി ബഹ്ന എന്ന പേരില്‍ മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ശിവരാജ് ചൗഹാന് സമാന രീതിയില്‍ സ്ത്രീകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതാണ് മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാരിന് പ്രചോദനമായത്. മധ്യപ്രദേശില്‍ മാസം തോറും 1250 രൂപയാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ 29 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. ഇതിന് പിന്നില്‍ ശിവരാജ് സിങ്ങ് ചൗഹാന്റെ സ്ത്രീകള്‍ക്കുള്ള ധനസഹായപദ്ധതിക്ക് നല്ല പങ്കുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്ന ശിവസേന (യുബിടി-ഉദവ് താക്കറെ), എന്‍സിപി ശരത് പവാര്‍, കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഷിന്‍ഡേ സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. സകല പ്രതിപക്ഷ വിമര്‍ശനങ്ങളേയും തകര്‍ത്തുകളയുന്ന സ്ത്രീപക്ഷ ബജറ്റാണ് ധനമന്ത്രി അജിത് പവാര്‍ അവതരിപ്പിച്ചത്. ജൂണ്‍ 28ന് ആരംഭിച്ച ബജറ്റ് സമ്മേളനം ജൂലായ് 12 വരെ നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: