ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും മൂന്നാമൂഴത്തില്‍ മോദി സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിച്ചും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. 25 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി.
പിഎം കിസാന്‍ പദ്ധതി വഴി കര്‍ഷകര്‍ക്ക് നല്കിയത് 3.20 ലക്ഷം കോടി രൂപ. പിഎം ആവാസ് യോജനയില്‍ മൂന്നുകോടി വീടുകള്‍ കൂടി നിര്‍മിക്കാനുള്ള മൂന്നാം മോദി സര്‍ക്കാരിന്റെ തീരുമാനം രാഷ്‌ട്രപതി എടുത്തുപറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച നാലു കോടി വീടുകളില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ക്കാണ് നല്കിയത്. പത്തുവര്‍ഷം കൊണ്ട് പത്തുകോടി സ്ത്രീകളെയാണ് സ്വയംസഹായസംഘങ്ങളുടെ ഭാഗമാക്കി ശാക്തീകരിച്ചത്. കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കാനുള്ള ലാഖ്പതി ദീദി പദ്ധതിക്കും മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചു. കൃഷിസഖി പദ്ധതി വഴി മുപ്പതിനായിരം സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്ക് ആധുനിക കൃഷിരീതികളില്‍ പരിശീലനം നല്കുന്നു. പിഎം സൂര്യ ഘര്‍ മുഫ്ത് ബിജ്ലി യോജന പ്രകാരം വീടുകളുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് 78,000 രൂപ വരെയാണ് ഓരോ കുടുംബത്തിനും കേന്ദ്രസഹായം. ഗോത്രസമൂഹത്തിന്റെ വികസനത്തിനായുള്ള 24,000 കോടി രൂപയുടെ പിഎം ജന്‍മന്‍ പദ്ധതി പിന്നാക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ്, രാഷ്‌ട്രപതി പറഞ്ഞു.
കൊവിഡില്‍ 80 കോടി പേര്‍ക്ക് സൗജന്യ റേഷന്‍ നല്കിത്തുടങ്ങിയത് ഇന്നും തുടരുന്നു. തകര്‍ച്ചയില്‍ നിന്ന് ബാങ്കിങ് മേഖലയെ രക്ഷപ്പെടുത്തി. പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം അധികം. ജിഎസ്ടി സമാഹരണം ഏപ്രിലില്‍ മാത്രം രണ്ടുലക്ഷം കോടി രൂപ മറികടന്നു. പ്രതിരോധ കയറ്റുമതി 21,000 കോടി രൂപയായി. സേനയുടെ പ്രതിരോധ സംഭരണത്തിന്റെ 70 ശതമാനവും തദ്ദേശീയ നിര്‍മാതാക്കളില്‍ നിന്നായി. 1.20 ലക്ഷം കോടി രൂപ വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ വഴി വിതരണം ചെയ്തു. ഏഴ് പുതിയ ഐഐടികളും 16 ഐഐഐടികളും ഏഴ് ഐഐഎമ്മുകളും 15 പുതിയ എയിംസുകളും 315 മെഡിക്കല്‍ കോളജുകളും 390 സര്‍വകലാശാലകളും സ്ഥാപിച്ചു. ആഗോള വിജ്ഞാന കേന്ദ്രമായി നളന്ദ സര്‍വകലാശാലയെ മാറ്റാന്‍ സാധിക്കും. രാഷ്‌ട്രപതി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: