കോട്ടയം: പ്രതിപക്ഷം പണിതുയര്‍ത്തുന്ന പദ്ധതികള്‍ പാതിവഴിയില്‍ മുടക്കി അതില്‍ നിന്ന് ഉയരുന്ന ജനരോഷം കണ്ടു രസിക്കുന്ന സിപിഎം സാഡിസ്റ്റു മനോഭാവത്തിന് നല്ലൊരു ഉദാഹരണമാണ് കോട്ടയത്തെ ആകാശപാത. കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തുടങ്ങിവച്ചു എന്നതിന്റെ പേരില്‍ പദ്ധതിയെ തലങ്ങും വിലങ്ങും പരാജയപ്പെടുത്താന്‍ പാര്‍ട്ടി തുടക്കം മുതല്‍ ശ്രമിച്ചിട്ടുണ്ട്. നാറ്റ് പാക്ക് പഠനത്തിനുശേഷം 2015 ല്‍ ആരംഭിച്ച പദ്ധതിയാണ് കോട്ടയത്തെ നഗരമധ്യത്തിലുള്ള പഴയ ശീമാട്ടി റൗണ്ടാന പൊളിച്ച് പണി തുടങ്ങിയ ആകാശപാത. 5.18 കോടി രൂപയാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് അനുവദിച്ചത്. തൂണുകളില്‍ ഉയര്‍ന്ന വൃത്താകൃതിയിലുള്ള കൂറ്റന്‍ നിര്‍മിതി ആ നിലയില്‍ ഏറെക്കാലമായി നില്ക്കുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെടലില്‍ വരെ എത്തി. ആവശ്യമില്ലെങ്കില്‍ പൊളിച്ചു കളഞ്ഞുകൂടെ എന്ന ഹൈക്കോടതിയുടെ ചോദ്യം വന്നപ്പോള്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പണി തുടരാം എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ എന്നിട്ടും കാര്യമായ രീതിയില്‍ പണി മുന്നോട്ടു നീങ്ങിയില്ല. കോട്ടയത്തെ ആകാശപാത പണി തുടങ്ങിയതിനുശേഷമാണ് തൃശ്ശൂരും കൊല്ലത്തും മറ്റും പണി തുടങ്ങിയത് . തൃശ്ശൂര്‍ ആകാശപാതയാണെങ്കില്‍ പണിപൂര്‍ത്തിയായി അടുത്ത മാസത്തിനുള്ളില്‍ ഉദ്ഘാടനം നിര്‍വഹിക്കാവുന്ന ഘട്ടത്തിലെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടുള്ള കലിപ്പാണ് കോട്ടയത്തെ ചില ഇടതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ ഇതിട്ടു തല്ലുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പൊളിച്ചു കളയണം എന്ന് അഭിപ്രായപ്പെട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രംഗത്ത് വന്നതോടെയാണ് ആകാശപാത വീണ്ടും വാര്‍ത്താപ്രാധാന്യം നേടിയത്.
പ്രതിപക്ഷത്തോടുള്ള കട്ട കലിപ്പിന്റെ പുറത്ത് പണിമുടക്കിയിട്ടിരിക്കുന്ന നിര്‍മ്മിതികള്‍ വേറെയുമുണ്ട് കോട്ടയത്ത്. പാലാ റിവര്‍വ്യൂ റോഡ് , പാലാ കളരിയാമാക്കല്‍ പാലം, പാലാ ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങി പല പദ്ധതികളും വര്‍ഷങ്ങളായി ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ചു പാതി വഴിയല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: