കൊച്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചിട്ടും വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിളില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ പൊതു സ്ഥലം മാറ്റ ഉത്തരവ് വൈകുന്നു.
സ്‌കൂള്‍ തുറന്ന് ഒരുമാസമാകാറായിട്ടും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളില്‍ മാത്രം സ്ഥലംമാറ്റ ഉത്തരവും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കുള്ള പ്രമോഷനും വൈകുന്നുവെന്നാണ് ജീവനക്കാരുടെ ആരോപണം. ഇക്കഴിഞ്ഞ മെയ് 31ന് പെന്‍ഷനായ 17 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ തസ്തികകളും പ്രമോഷനോടെ നിയമനം നടത്താത്തതിനാല്‍ ഒഴിഞ്ഞുകിടക്കുകയാണ്.
സെക്ഷനുകളുടെ സ്വതന്ത്ര ചുമതലയുള്ള തസ്തികകള്‍ ഒരുമാസം പിന്നിടുമ്പോഴും നികത്താത്തത് സംരക്ഷണ, ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും ജീവനക്കാര്‍. രാഷ്‌ട്രീയക്കാരുടെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും ഇടപെടലാണ് ഉത്തരവു വൈകുന്നതിന് പിന്നിലെന്നും ആരോപണമുണ്ട്. കേരളത്തിലെ മറ്റു വനം സര്‍ക്കിളുകളില്‍ പൊതു സ്ഥലംമാറ്റവും പ്രമോഷനും സമയബന്ധിതമായി നടക്കുന്നുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.











