ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനട ഉള്‍പ്പെടുന്ന ദേവസ്വം സ്വകാര്യ സ്ഥലങ്ങളില്‍ പൊതുവഴി കയ്യേറി വഴിയോര കച്ചവടം വീണ്ടും തകൃതിയായി നടക്കുന്നു.
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരുടേയും, യാത്രക്കാരുടേയും സൗകര്യം കണക്കിലെടുത്ത് റോഡുകളില്‍ തട്ടുകട കച്ചവടം നിരോധിച്ച ഹൈക്കോടതി ഉത്തരവിനേയാണ്, രാഷ്ട്രീയക്കാരുടെ ഒത്താശയോടെ ചോദ്യം ചെയ്യുന്നത്. ഗുരുവായൂരിലെ ഭരണകക്ഷിയില്‍പ്പെട്ട പ്രാദേശിക നേതാക്കളുടെ ഒത്താശയോടും, മാസപടി പിരിവിന്റെ പിന്‍ബലത്തിലുമാണ് തട്ടുകടകള്‍ സജീവമായിരിയ്ക്കുന്നതെന്ന ആരോപണം ശക്തമായിരിക്കുന്നത്. നഗരസഭയും, ദേവസ്വവും പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ നടക്കുന്ന ഈ വഴിയോര കച്ചവടക്കാര്‍ക്കുനേരെ കണ്ണടച്ചിരുട്ടാക്കുകയാണെന്നും ആരോപണമുണ്ട്. ഇതിനെതിരെ വ്യാപാരി സമൂഹവും ഇപ്പോള്‍ സമരപാതയില്‍ എത്തിനില്‍ക്കുകയാണ്.
ക്ഷേത്രനടയിലെ കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ്, വാടക, ജീവനക്കാര്‍ക്ക് ശമ്പളം, വൈദ്യുതി, വെള്ളക്കരം തുടങ്ങി ഭീമമായ സംഖ്യ നല്കി വന്‍ സാമ്പത്തിക ബാധ്യതയില്‍ കഴിയുമ്പോള്‍, യാതൊരു ചിലവുമില്ലാതെ നഗ്നമായ നിയമലംഘനം നടത്തിയാണ് കച്ചവടക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തിയും, പൊതുനടപാതകള് കയ്യേറി ക്ഷേത്രനടയിലെ തട്ടുകടകള്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്നത്.
ക്ഷേത്രനടയുടെ മുന്‍വശം നിലവില്‍ മതിയായ വീതിയില്ലെന്നിരിയ്ക്കെയാണ് മുല്ലപ്പൂ, കളിപ്പാട്ടങ്ങള്‍ തുടങ്ങി വിവിധതരത്തിലുള്ള തട്ടുകള്‍ നിരത്തി നിയമം ലംഘനം നടത്തുന്നത്. ക്ഷേത്രനടയിലെ ദേവസ്വം സ്ഥലത്ത് അനധികൃതമായി നടക്കുന്ന തട്ടുകടകള്‍ക്കെതിരെ ടെമ്പിള്‍ പോലീസിനും, നഗരസഭയ്ക്കും, ദേവസ്വത്തിനും പല പരാതികള്‍ നല്‍കിയിട്ടും ഇവര്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയും സ്വീകരിയ്ക്കാത്ത സാഹചര്യത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രത്യക്ഷ സമരവുമായി മുന്നോട്ട് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ഇതിനിടെ കിഴക്കേനടയില്‍ പുതിയ നടപുരയുടെ മുന്‍വശത്ത് അപ്സര ജംങ്ഷനില്‍ അനധികൃതമായി ഓട്ടോക്കാര് പാര്ക്ക്ചെയ്യുകയും, ഗതാഗത നിയമം ലംഘിച്ച് വാഹനമോടിയ്ക്കുകയും, ഭക്തര്‍ക്ക് അസൗകര്യം സൃഷ്ടിയ്ക്കുകയും ചെയ്തിട്ട്, പോലീസും ഇക്കാര്യത്തില്‍ അനങ്ങാപാറ നയം സ്വീകരിയ്ക്കുകയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: