തൃശൂര്‍: അങ്ങിനെ ഗുരുവായൂരപ്പനെ അടിമുടി വണങ്ങുന്ന മറ്റൊരു രാഷ്ടീയ താരം കൂടി. സാക്ഷാല്‍ സുരേഷ് ഗോപി. എല്ലാ മലയാളമാസവും ഒന്നാം തീയതി ഗുരുവായൂരില്‍ ചെന്ന് ഭഗവാന്‍ കൃഷ്ണനെ തൊഴുതിരുന്ന കരുണാകരന് ശേഷം ഇതാ കൃഷ്ണഭക്തനായി മാറി സുരേഷ് ഗോപിയും.
ആപല്‍ബാന്ധവനും കരുണാകടാക്ഷം ചൊരിയുന്നവനുമായ ഗുരുവായൂരപ്പന്‍ ഇഷ്ടദേവനായി മാറാന്‍ സുരേഷ് ഗോപിയ്‌ക്ക് ഒട്ടേറെ കാരണങ്ങള്‍ നിരത്താനുണ്ട്. ജീവിതത്തില്‍ സ്വപ്നം കാണാന്‍ കഴിയാത്ത ഒരുപാട് മായക്കാഴ്ചകള്‍ വന്നുപോയതിന് പിന്നില്‍ ഭഗവാനാണോ എന്ന് സുരേഷ് ഗോപി സംശയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അതുകൊണ്ടാകാം, സത്യപ്രതിജ്ഞ ചെയ്യാന്‍ വേദിയില്‍ കയറുമ്പോള്‍ ‘കൃഷ്ണ, ഗുരുവായൂരപ്പാ’ എന്ന കൃഷ്ണമന്ത്രം സുരേഷ് ഗോപി ഉരുവിട്ടത്. ഇത് മാധ്യമത്തില്‍ വാര്‍ത്തയാവുകയും ചെയ്തു.
ഏറെക്കാലമായി തൃശൂരുകാര്‍ ഏറെക്കാലമായി ചോദിച്ചിട്ടും കൊടുക്കാതിരുന്ന തൃശൂര്‍ കയ്യില്‍ വെച്ച് തന്നത് ഗുരുവായൂരപ്പന്റെ കാരുണ്യം കൊണ്ട് തന്നെയെന്നാണ് സുരേഷ് ഗോപി ഉള്ളില്‍ കരുതുന്നുണ്ടാവുക. മൂത്തമകളുടെ വിവാഹത്തിന് സുരേഷ് ഗോപി വേദിയാക്കിയതും ഭഗവദ് സന്നിധിയായ ഗുരുവായൂര്‍ ക്ഷേത്രം തന്നെ. വിവാഹച്ചടങ്ങിന്റെ ഭാഗമായി മകള്‍ ഭാഗ്യയുടെ കൈപിടിച്ച് മരുമകന് നല്‍കുന്ന ചടങ്ങ് സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷും ഒരുമിച്ച് നടത്താമെന്നാണ് കരുതിയത്. എന്നാല്‍ യാദൃച്ഛികമായി പ്രധാനമന്ത്രി മോദി തന്നെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഭാഗ്യയുടെ കൈപിടിച്ച് തന്റെ മരുമകന് നല്‍കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. അത് ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ കണ്ണില്‍ ഈറനുണ്ടായിരുന്നു എന്നും സുരേഷ് ഗോപി ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതെല്ലാം ഭഗവദ് കടാക്ഷം എന്ന് തന്നെയാണ് സുരേഷ് ഗോപി ചിന്തിക്കുന്നത്.
തന്റെ ജീവിതത്തില്‍ ഒരിയ്‌ക്കലും സ്വപ്നം കാണാന്‍ കൂടി കഴിയാത്ത അത്ഭുതങ്ങളാണ് നടന്നതെന്ന് സുരേഷ് ഗോപി കരുതുന്നു. ഇതെല്ലാം ഭഗവാന്‍ കൃഷ്ണന്റെ മായാലീലകളാണെന്ന് താരം ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സ്ത്രീപീഡനക്കേസ്, പൊലീസില്‍ ഹാജരായി മൊഴികൊടുക്കല്‍, ജാമ്യമില്ലാവകുപ്പില്‍ കേസെടുക്കല്‍, തൃശൂരിലെ ലൂര്‍ദ്ദ് മാതാവിന് കിരീടം നല്‍കിയതില്‍ ചെമ്പെന്ന ആരോപണം, ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന ആക്ഷേപം, മുസ്ലിം പള്ളിയില്‍ നോമ്പ് തുറയ്‌ക്ക് കഞ്ഞികുടിച്ച രീതിയെക്കുറിച്ചുള്ള അധിക്ഷേപം തുടങ്ങി എത്രയെത്ര പരീക്ഷണങ്ങള്‍….ആപല്‍ബാന്ധവനായ കൃഷ്ണന്‍ എല്ലാം കാത്തു.
അതുപോലെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മോദി തന്നെ രണ്ട് തവണ തൃശൂരില്‍ വന്നത്. കേസില്‍ കുടുക്കിയും ദുഷ്പ്രചാരണങ്ങള്‍ അഴിച്ചുവിട്ടും തന്നെ നശിപ്പിക്കാന്‍ ശത്രുക്കള്‍ നോക്കിയപ്പോള്‍ അതിനെയെല്ലാം തടഞ്ഞതും ഭഗവാന്‍ തന്നെയെന്ന് കരുതകയേ നിവൃത്തിയുള്ളൂ. ഏറ്റവുമൊടുവില്‍ ഒരു അത്ഭുതം പോലെ ഒരിയ്‌ക്കലും നിനയ്‌ക്കാന്‍ പോലും കഴിയാത്ത ഭൂരിപക്ഷത്തോടെ വിജയിച്ചതും (ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് 75000ല്‍ പരം വോട്ടുകള്‍ക്ക് ജയിക്കുക അത്ഭുതമല്ലേ) ഭഗവാന്റെ കരുണാകടാക്ഷം എന്ന് ചിന്തിക്കുക മാത്രമേ താരത്തിന് നിവൃത്തിയുള്ളൂ. തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ജയിച്ചയുടന്‍ അദ്ദേഹം കണ്ണനെ കാണാന്‍ ഗുരുവായൂരില്‍ ഓടിയെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: