ആറ്റിങ്ങല്‍: 2025 മാര്‍ച്ചിലെ സ്‌കൂള്‍ ബസിന് ഫീസ് മുന്‍കൂട്ടി നല്കാത്തതിന് ഒന്നിലും നാലിലും പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കി വിട്ടു. വാളക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് വിചിത്ര നടപടി. ഫീസ് മുന്‍കൂട്ടി അടയ്‌ക്കാതെ വിദ്യാര്‍ത്ഥികളെ കയറ്റില്ലെന്ന് പ്രധാന അധ്യാപകന്‍ അറിയിച്ചുവെന്ന് രക്ഷിതാവ് പറഞ്ഞു. ഇതോടെ ഒരാഴ്ചയായി സ്‌കൂളില്‍ പോകാനാകാതെ വിദ്യാര്‍ത്ഥികള്‍.
ഒന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അമ്മ മാത്രമാണ് ഉള്ളത്. കുട്ടികളുടെ അച്ഛന്‍ ഉപേക്ഷിച്ച് പോയി. അമ്മ സമീപത്തെ കടയില്‍ ജോലിക്ക് പോയുള്ള വരുമാനം മാത്രമാണ് ആശ്രയം. കുട്ടികള്‍ സകൂളിലേക്ക് പോകും മുമ്പേ ജോലിക്ക് പോകണം. കുട്ടികളെ സമീപത്തെ കുട്ടികളോടൊപ്പം സ്‌കൂള്‍ ബസിലാണ് അയച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സ്‌കൂള്‍ ബസിലെ ഫീസ് അടച്ചിരുന്നില്ല. രണ്ട് പേര്‍ക്കുമായി 1000 രൂപയാണ് കുടിശ്ശിക ഉള്ളത്. ജൂണില്‍ സ്‌കൂള്‍ തുറന്നപ്പോള്‍ മാര്‍ച്ചിലെയും ജൂണിലെയും ഫീസ് അടയക്കാന്‍ കുട്ടികളുടെ അമ്മ തയ്യാറായി. എന്നാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിലെ ഫീസ് കൂടി മുന്‍കൂട്ടി അടയ്‌ക്കണമെന്ന വിചിത്ര വാദം പ്രധാന അധ്യാപകന്‍ ഉന്നിയിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കുട്ടികളെ ബസില്‍ കയറ്റുന്നത് പ്രധാന അധ്യാപകന്‍ തടഞ്ഞു. ഇതോടെ ഒരാഴ്ചയായി കുട്ടികള്‍ സ്‌കൂളിലെത്തിയിട്ടില്ല. സംഭവം അറിഞ്ഞ നാട്ടുകാര്‍ ഇന്നലെ സ്‌കൂള്‍ബസ് ഫീസ് സമാഹരിച്ചു. കല്ലിന്‍മൂട് വാര്‍ഡ് സമിതിയുടെ നേതൃത്വത്തിലാണ് രണ്ട് കുട്ടികളുടെയും ഒരുവര്‍ഷത്തെ സ്‌കൂള്‍ ബസ് ഫീസ് 12000 രൂപ സമാഹരിച്ചത്. ഇന്ന് സ്‌കൂളിലെത്തി ഫീസ് അടയ്‌ക്കും. അതേസമയം സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഇല്ലാതെ സര്‍വീസ് നടത്തുകയായിരുന്നു എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റില്‍ രണ്ട് തവണ പരാജയപ്പെട്ടതോടെ സ്‌കൂള്‍ ബസ് ഷെഡില്‍ കയറ്റേണ്ടി വന്നു. ഇതോടെ എല്ലാ നിയമങ്ങളും ലംഘിച്ച് ഓട്ടോറിക്ഷയിലാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിച്ചിതെന്നും രക്ഷിതാക്കള്‍പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: