‘ഹാക്കിങ്’ എന്ന വാക്കിന് ഭേദിക്കുക എന്നര്‍ത്ഥം. കമ്പ്യൂട്ടര്‍ ഹാക്കര്‍ എന്നാല്‍ ഡിജിറ്റല്‍ കോട്ടകള്‍ ഭേദിച്ച് അകത്ത് കടന്ന് കുത്തിത്തിരുപ്പുണ്ടാക്കുന്നവന് എന്നും അര്‍ത്ഥം. അപ്പോള്‍ ‘ബയോഹാക്കിങ്’ എന്ന് പറഞ്ഞാലോ? സ്വന്തം ശരീരത്തിലെ ജൈവപ്രവര്‍ത്തനങ്ങളില്‍ കടന്നുകയറി സ്വന്തം ജീവിതം മെച്ചപ്പെടുത്താന്‍ സ്വയം നടത്തുന്ന പരിപാടി… അങ്ങനെ അമരനാകാനും അതിസുന്ദരനാകാനും തങ്ങള്‍ക്ക് കഴിയുമെന്ന ബയോഹാക്കര്മാര് വിശ്വസിക്കുന്നു. അതിലൂടെ പ്രായംകുറയ്ക്കാനാവുമെന്നും ആരോഗ്യം വര്‍ദ്ധിപ്പിക്കാനാവുമെന്നും അവര്‍ ഊറ്റംകൊള്ളുന്നു.
ശരീരത്തെ അപ്ഗ്രേഡ് ചെയ്യുന്നതാണ് ബയോഹാക്കിങ്. രാവിലെ വെറും വയറ്റില്‍ തണുത്ത വെള്ളം കുടിക്കുന്നതും കൃത്യസമയങ്ങളില്‍ ആര്‍ത്ത് ചിരിക്കുന്നതും മുതല്‍ തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിന് ശരീരത്തില്‍ നേരിയ ഷോക്ക് നല്കുന്നതുംവരെ ഈ ബയോഹാക്കിങ്ങിന്റെ ഭാഗം. തണുത്ത പ്രഭാതത്തില്‍ നീന്തിത്തുടിക്കുന്നതും പാതിരാത്രിയില്‍ ചുവന്ന വെളിച്ചത്തില്‍ ‘റെഡ്ലൈറ്റ്’ തെറാപ്പി നടത്തുന്നതും ബയോഹാക്കിങ്ങിന്റെ ഭാഗം.
എങ്ങനെയും യുവത്വം നിലനിര്‍ത്തുക. പ്രായം വര്‍ധിക്കാതെ നോക്കുക. അരോഗദൃഢഗാത്രനായി വിലസുക. അതിനാണ് ബയോഹാക്കിങ്ങ്. അതിന് വ്യായാമവും പോഷകാഹാരവുമൊക്കെയാണ് പണ്ട് കാലത്ത് നല്കിയ മരുന്നെങ്കില്‍ ഇപ്പോള്‍ യന്ത്രങ്ങളാണ് ആരോഗ്യപരിപാലനത്തിന് സഹായം. ഉറക്കത്തിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് സ്ലീപ്പ് ട്രാക്കിങ് ഉപകരണങ്ങള്‍… ശരീരത്തിലെ രക്തസമ്മര്‍ദ്ദവും മറ്റും കൃത്യമായി അളന്നറിയാന്‍ ബയോമെട്രിക് ട്രാക്കിങ് യന്ത്രങ്ങള്‍. ചിലര്‍ അതിനും അപ്പുറത്തേക്ക് കടന്ന് തങ്ങളുടെ ജീനുകള്‍ പരിശോധിച്ച് ഡിഎന്‍എയുടെ തകരാറുകള്‍ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ‘ക്രിസ്പര്‍’ ജീന്‍ എഡിറ്റിങ്ങ് വിദ്യയും മറ്റും അതിനവര്‍ക്ക് തുണയേകുന്നു. അരപ്പട്ടിണിയും മുഴുപ്പട്ടിണിയും അപൂര്‍വ ആഹാരക്കൂട്ടുകളാണ് മറ്റു ചിലര്‍ക്ക് പ്രിയം. അതിനവര്‍ക്ക് പ്രത്യേകതരം ഭക്ഷണ-പാനീയങ്ങള്‍ പോലുമുണ്ട്. ‘ബുള്ളറ്റ് പ്രൂഫ് കാപ്പി’ അതിനൊരു ഉദാഹരണം. ജൈവകാപ്പിപ്പൊടിയും വെണ്ണയും എംസിടി എണ്ണയുമൊക്കെ ചേര്‍ത്ത ഒരു കാപ്പി മിശ്രിതമാണിത്.
സ്വന്തം ശരീരത്തിന് യൗവനം ഉറപ്പാക്കാനുള്ള കസര്‍ത്തുകള്‍ തീര്‍ച്ചയായും നല്ലത് തന്നെ. കരുത്തു കൂട്ടാനും ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും അത് സഹായിക്കും. കൃത്യമായ വ്യായാമവും ഉറക്കവും ഭക്ഷണവും വിശ്രമവുമൊക്കെ അതിന് നല്ലതു തന്നെ. അവ ഉല്‍പ്പാദനക്ഷമത കൂട്ടും. ഉന്മേഷം ഉറപ്പാക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. പക്ഷേ പതിനാറുകാരന്റെ രക്തം കൃത്യമായ ഇടവേളകളില്‍ കുത്തിവെച്ചാല്‍ പ്രായം കുറയ്ക്കാമെന്നും ഷോക്ക് അടിച്ച് തലച്ചോറിനെ ഉദ്ദീപിപ്പിക്കാമെന്നുമൊക്കെ ധരിച്ചുവശമാക്കിയാല് എന്തു ചെയ്യും. തീര്‍ച്ചയായും അത് അപകടമാണ്. സ്വന്തം ശരീരസ്ഥിതി അറിയാതെ കാട്ടിക്കൂട്ടുന്ന ആവേശപ്രകടനങ്ങള്‍ പ്രത്യേകിച്ചും… പലപ്പോഴും വ്യക്തമായ വൈദ്യനിര്ദേശങ്ങളോ പഠനങ്ങളോ കൂടാതെയാണ് പലരും ആരോഗ്യം വര്ധിപ്പിക്കാനിറങ്ങുന്നത്. അതിനവര്‍ക്ക് കൂട്ട്, വ്യക്തമായ നിയമങ്ങളുടെ അഭാവവും.
അതുകൊണ്ടുതന്നെ ബോഡിഹാക്കിങ് ഇന്ന് കോടികള്‍ കൊയ്യുന്ന വന്‍ വ്യവസായമായി മാറിക്കഴിഞ്ഞു. ബയോഹാക്കിങ്ങിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഡേവ് ആസ്പ്രേ തന്നെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള ‘വെല്‍നസ് ഇന്‍ഡസ്ട്രി’യില്‍ ലാഭംകൊയ്യുന്നു. ശരീര നിലവാരം ഉയര്‍ത്തുന്നതിനുള്ള ‘അപഗ്രേഡ് ലബോറട്ടറി’കള്‍ സ്ഥാപിച്ച് ആളുകളെ ആകര്‍ഷിക്കുന്നു. വ്യവസായത്തിനൊപ്പം ബയോഹാക്കിങ്ങിന്റെ ആരാധകര്‍ക്ക് സ്വന്തമായ സംഘടനകളുമുണ്ട്. ഹാക്കിങ്ങില്‍ ‘ഓഗ്മെന്റഡ് ഹ്യൂമന്‍’ അഥവാ മനുഷ്യനും യന്ത്രവും കൂട്ടിച്ചേര്ക്കുന്നുണ്ടാകുന്ന അവസ്ഥ കൂടിയേ തീരുവെന്നും വിശ്വസിക്കുന്നവരുമുണ്ട് അക്കൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: