തിരുവനന്തപുരം: സംസ്ഥാന ക്രിക്കറ്റിനെ പ്രൊഫഷണല്‍ ശൈലിയിലേക്ക് ഉയര്‍ത്താന്‍ പുതിയ മാറ്റവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്(കെസിഎ). ഇതിന്റെ ഭാഗമായി വരുന്ന സപ്തംബറില്‍ കേരള ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ആരംഭിക്കാനാണ് നീക്കം.
സംസ്ഥാനത്തെ ക്രിക്കറ്റ് ആവേശത്തിന് പ്രൊഫഷണല്‍ മുഖം നല്കുന്ന കേരള ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന് സെപ്റ്റംബറില്‍ തുടക്കമാകും. ട്വന്റി20 ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന ടൂര്‍ണമെന്റില്‍ ആറ് ടീമുകളാകും മാറ്റുരയ്ക്കുക. പൂര്‍ണ്ണമായും ബിസിസിഐയുടെ നിയമങ്ങളുടേയും നിയന്ത്രണങ്ങളുടേയും അടിസ്ഥാനത്തിലാണ് ഐപിഎല്‍ മോഡലിലുള്ള ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്. ദിവസവും പകല്‍ മുന്നിനും രാത്രി ഏഴിനും രണ്ട് മത്സരങ്ങള്‍ വീതമുള്ള ടൂര്‍ണമെന്റ് ഷെഡ്യൂളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഐപിഎല്ലിന് സമാനമായ രീതിയില്‍ പൂര്‍ണ്ണമായും ലേല പ്രക്രിയയിലൂടെയായിരിക്കും കളിക്കാരെ തെരഞ്ഞെടുക്കുക. ലീഗിനായി ടിസിഎം ഗ്ലോബല്‍ മീഡിയയാണ് വിവിധ സേവനങ്ങള്‍ ക്രമീകരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍ സ്റ്റാര്‍ സ്പോര്‍ട്സ്, ഡിജിറ്റല്‍ സ്ട്രീമിംഗ് പങ്കാളിയായി ഫാന്‍കോഡ് എന്നിവയും ലീഗിന്റെ ഭാഗമാകും. ഇംഗ്ലീഷിലും ഹിന്ദിയിലും വിവിധ ഇന്ത്യന്‍ ഭാഷകളിലുമുള്ള ആഗോള പ്രക്ഷേപണവും ബഹുഭാഷാ സ്ട്രീമിംഗും കേരള ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ ആവേശം ഇരട്ടിയാക്കും.
കേരളത്തിലെ പ്രതിഭാധനരായ ക്രിക്കറ്റര്‍മാര്‍ക്ക് തങ്ങളുടെ കഴിവ് ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി ലീഗ് മാറുമെന്നും അതിലൂടെ കേരള ക്രിക്കറ്റ് വലിയ നേട്ടങ്ങളിലേക്കെത്തുമെന്നും ലീഗ് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
ടൂര്‍ണമെന്റിന്റെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായി നസീര്‍ മച്ചാന് നിയമിതനായി. ഗവേണിംഗ് കൗണ്‍സില്‍ കണ്‍വീനറായി വിനോദ് എസ് കുമാര്‍ (സെക്രട്ടറി – കെസിഎ) , അംഗങ്ങളായി എം അബ്ദുള്‍ റഹിമാന്‍, പി ജെ നവാസ്, തോമസ് മാത്യു, കെ മുഹമ്മദ് ഡാനിഷ്, മിനു ചിതംബരം എന്നിവരേയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: