തൊടുപുഴ: ജീവനക്കാരുടെ മുറിയില്‍ നിന്ന് കാമറയും, 4 ഐഫോണുകളും കാണാതായെന്ന പരാതിയില്‍ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഓട്ടിസം ബാധിതനായ ഇരുപതുകാരനാണ് ഗുരുതര പരിക്കേറ്റ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കദളിക്കാട് പെരളിമറ്റം വെട്ടത്തുകുന്നേല്‍ (ആനിക്കാട്) ഗിരീഷ് ഗീത ദമ്പതികളുടെ ഏക മകന് വി.ജി.അഭിഷേകിനാണ് മര്‍ദനമേറ്റത്. വെങ്ങല്ലൂര്‍ കോലാനി ബൈപ്പാസ് റോഡില്‍ ഓട്ടോജെറ്റ് സ്ഥാപനത്തിലെ ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ നിന്ന് കാമറയും ഐഫോണുകളും കാണാതായെന്ന പരാതിയിലാണ് യുവാവിന് മര്‍ദനമേറ്റത്.
ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെ അഭിഷേകിനെ പോലെ തോന്നുന്ന ഒരാള്‍ ഇവ മോഷ്ടിച്ചെന്ന ഓട്ടോജെറ്റ് സ്ഥാപന ഉടമയുടെ പരാതിയെത്തുടര്‍ന്നാണ് ഉച്ചയോടെ അഭിഷേകിനെ പോലീസ് പിടികൂടിയത്. അടുത്തിടെ ജോലിയില്‍ കയറിയ സ്ഥാപനത്തിലെത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത്. പിന്നാലെ സ്റ്റേഷനിലെത്തിച്ചും പിന്നീട് വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോഴും മര്‍ദനം തുടര്‍ന്നു.
എസ്ഐ ഹരീഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്ന് അഭിഷേക് പറയുന്നു. സ്റ്റേഷന്റെ പ്രവേശന മുറിയില്‍ വച്ച് ആദ്യം മര്‍ദിച്ചതായും താന്‍ ഒച്ചവെച്ചപ്പോള്‍ പിന്‍വശത്തെ വിശ്രമ മുറിയിലേക്ക് കൊണ്ടുപോയി ചവിട്ടി വീഴ്ത്തിയെന്നും മര്‍ദനം തുടര്‍ന്നതായും അഭിഷേക് പറയുന്നു. കണ്ണിനും മുഖത്തും മുതുകിലും അടിനാഭിക്കും മര്‍ദനമേറ്റു. പലക കഷ്ണം കൊണ്ട് കാല്‍മുട്ടിനും എസ്ഐ അടിച്ചു. ഭീഷണിപ്പെടുത്തിയെന്നും കള്ളനാക്കാന്‍ ശ്രമിച്ചെന്നും അഭിഷേക് പറയുന്നു.
അച്ഛന് ഉപേക്ഷിച്ച് പോയ അഭിഷേക് വല്യപ്പന്റെയും വല്യമ്മയുടെയും ഒപ്പമാണ് നിലവില്‍ താമസിക്കുന്നത്. അമ്മ എറണാകുളത്ത് ജോലി ചെയ്യുകയാണ്. വൈകിട്ട് ബന്ധുക്കളെത്തി നിജസ്ഥിതി ബോധ്യപ്പെടുത്തുകയും മോഷണം നടന്നെന്ന് പറയുന്ന സമയത്ത് അഭിഷേക് വീട്ടിലുണ്ടായിരുന്നതായും വ്യക്തമാക്കിയതോടെ യുവാവിനെ വിട്ടയക്കുകയായിരുന്നു.
നേരത്തെ ഓട്ടോജെറ്റ് എന്ന സ്ഥാപനത്തില്‍ അഭിഷേക് ജോലി ചെയ്തിരുന്നു. പിന്നീട് ഉടമയുമായി തെറ്റി ഒരുമാസം മുമ്പ് ജോലിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഒരു വര്‍ഷമായി വീഡിയോ ഗ്രാഫി, ഫോട്ടോഗ്രാഫി ജോലി ചെയ്ത് വരികയാണ് അഭിഷേക്. ഓട്ടിസം ബാധിച്ച് 2019 മുതല്‍ ചികിത്സയിലാണ് അഭിഷേക്.
സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്കി. അതേ സമയം മര്‍ദനം അറിഞ്ഞില്ലെന്നാണ് നിലപാടിലാണ് സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒ. ഇരുവര്‍ക്കും എതിരേ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: