തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ സിപിഎം സംസ്ഥാനസമിതിയില്‍ അതിരൂക്ഷവിമര്‍ശനം. സര്‍ക്കാരിനെ വികൃതമാക്കുന്ന നടപടികള്‍ ആഭ്യന്തര വകുപ്പില്‍നിന്നുണ്ടായെന്നും പോലീസിനെ മറ്റ് അധികാരകേന്ദ്രങ്ങളാണ് നിയന്ത്രിക്കുന്നതെന്നും സംസ്ഥാനസമിതിയില്‍ അഭിപ്രായമുയര്‍ന്നു. എന്നാൽ വിമർശനങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയിൽ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
മുഖ്യമന്ത്രിയുടെ ശൈലിക്കെതിരായ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരേയും സംസ്ഥാനസമിതിയില്‍ വിമര്‍ശനമുയര്‍ന്നത്. സർക്കാരിനെ വികൃതമാക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും ഐ ജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം തിരിച്ചടിയായെന്നും വിമർശനം ഉയർന്നു.
പല പോലീസുകാരും പ്രാദേശികതലത്തില്‍ ഗുണ്ടകളുമായും ക്രിമിനലുകളുമായും ബന്ധം സൂക്ഷിക്കുന്നു. ഒപ്പം കൊള്ളപ്പലിശ ഇടപാടുമായി ചില പോലീസുകാര്‍ക്ക് ബന്ധമുണ്ട്. അത്തരം പോലീസുകാരെ കണ്ടെത്തി നടപടിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും സി.പി.എം. സംസ്ഥാനസമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ചില അധികാര കേന്ദ്രങ്ങളും പോലീസിനെ നിയന്ത്രിക്കുന്നുവെന്ന് ഇടുക്കി ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. ക്രമസമാധാനം പാലിക്കുന്നതിൽ, പ്രത്യേകിച്ച് ഗുണ്ടാ അക്രമണങ്ങൾ നേരിടുന്നതിൽ പൊലീസ് പരാജയപ്പെട്ടു. നിരന്തരമായ കൊലപാതകങ്ങൾ സംസ്ഥാനത്ത് ഭീതിയുണ്ടാക്കി. സ്ത്രീ സുരക്ഷയിലും പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങൾക്കെതിരായ പൊലീസ് നടപടിയും തിരിച്ചടിയായെന്നും വിമർശനം.
രാഷ്‌ട്രീയമായ വിമര്‍ശനമാണ് തൃശൂര്‍ ജില്ലയില്‍ നിന്ന് ആഭ്യന്തരവകുപ്പിനെതിരെ ഉണ്ടായത്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്ന തരത്തില്‍ പോലീസ് ഇടപെടലുണ്ടായത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ സഹായിക്കാനായാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുത്ത നടപടിയും സംസ്ഥാനസമിതിയില്‍ വിമര്‍ശിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: