മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് അന്താരാഷ്‌ട്ര ലഹരിക്കടത്ത് നടത്തുന്ന സംഘം പിടിയിൽ. ഹൈബ്രിഡ് കഞ്ചാവായ തായ് ഗോൾഡ് എന്ന പേരിൽ അറിയപ്പെടുന്ന ലഹരിയുമായിട്ടാണ് മൂന്ന് പേർ പിടിയിലായത്. അഞ്ച് കിലോ കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കണ്ണൂർ പിണറായി സ്വദേശി റമീസ്, കണ്ണപുരം അഞ്ചാംപീടിക സ്വദേശി റിയാസ്, വയനാട് അമ്പലവയൽ ആയിരം കൊല്ലി സ്വദേശി പുത്തൻപുരക്കൽ ഡെന്നി എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ എയർപോർട്ട് പരിസരത്തെ ലോഡ്ജിൽ നിന്നാണ് കണ്ണൂർ സ്വദേശികളായ യുവാക്കളെ ലഹരി മരുന്നുമായി പിടികൂടിയത്. വിദേശത്തേക്ക് കടത്താൻ ട്രോളി ബാഗിൽ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ വയനാട് സ്വദേശിയുടെ പങ്ക് വ്യക്തമായതിനെ തുടർന്ന് ഇയാളെ വയനാട്ടിലെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.
മലപ്പുറം ജില്ലയിൽ ആദ്യമായാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. തയ്‍ലന്‍റിൽ നിന്നും ബാങ്കോക്കിൽ നിന്നും ഇവിടെ എത്തിക്കുന്ന ഹൈബ്രിഡ് ലഹരി, പിന്നീട് കാരിയർ മാർ മുഖേന വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. പ്രതികളെ വിശദമായി ചോദ്യംചെയ്തതിൽ എയർപോർട്ട് കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന സംഘങ്ങളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: