തിരുവനന്തപുരം: കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നു വിശേഷിപ്പിക്കപ്പെടുന്ന അയ്യാ വൈകുണ്ഠ സ്വാമിയുടെ പേരില്‍ കേരള സര്‍വകലാശാലയില്‍ പ്രത്യേക ചെയര്‍ സ്ഥാാപിക്കുന്നത് പരിഗണിക്കും. ബജറ്റ് സമ്മേളനത്തില്‍ മറുപടി പറഞ്ഞ ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ അഡ്വ ജി. മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നവോത്ഥാന നായകകന്മാരുടെ പേരുപറഞ്ഞ് അവതരിപ്പിച്ച ബജറ്റില്‍ അയ്യാ വൈകുണ്ഠ സ്വാമിയുടെ പേര് ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ചുകൊണ്ട് പി. ശ്രീകുമാറാണ് വിഷയം സെനറ്റിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ‘ശ്രീനാരായണ ഗുരുവിന് മുമ്പ് കണ്ണാടി പ്രതിഷ്ഠ നടത്തിയ ആചാര്യനാണ് വൈകുണ്ഠ സ്വാമി. കേരള നവോത്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത പേരാണ്. ചട്ടമ്പിസ്വാമിയുടേയും അയ്യങ്കാളിയുടേയും ചെയര്‍ സ്ഥാപിച്ച മാതൃകയില്‍ വൈകുണ്ഠ സ്വാമിയുടെ പേരിലും ചെയര്‍ സ്ഥാപിക്കണം. ശ്രീകുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ചെയര്‍ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നറിയിച്ചത്.
യുവജനോത്സവ നടത്തിപ്പ് കാലോചിതമായി പരിഷ്ക്കരിക്കുമെന്നും അടുത്ത വര്‍ഷം മുതല്‍ പരിഷ്ക്കരിച്ച രീതി നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി വിദഗ്ധരടങ്ങുന്ന പരിഷ്ക്കരണ സമിതി രൂപീകരിക്കും. രാജാരവിവര്‍മ്മയുടെ പേരില്‍ കേരള സര്‍വകലാശാല തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന ചിത്രശാല ശ്രദ്ധേയമാകും. തൈക്കാട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പഠന വകുപ്പിന്റെ കെട്ടിടം രാജാ രവിവര്‍മ്മ ആര്‍ട്ട് ഗാലറിയാക്കി മാറ്റും. കാര്യവട്ടം ക്യാമ്പസിലെ പെര്‍ഫോമിങ് ആര്‍ട്സ് സെന്ററും രാജാ രവിവര്‍മ്മ ചിത്രശാലയും തൈക്കാട്ടെ വിദ്യാഭ്യാസ വകുപ്പ് കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കും. ചിത്രശാലയ്ക്ക് ഒരു ഓണററി ഡയറക്ടറെ നിയമിക്കും. കാര്യവട്ടത്തെ ഇരു ക്യാമ്പസുകളെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത സര്‍ക്കാരുമായി ആലോചിച്ചു നിര്‍മിക്കും. സര്‍വകലാശാല റീജിയണല്‍ സെന്ററും പഠനഗവേഷണ സമുച്ചയവും കൊല്ലത്ത് സ്ഥാപിക്കും. ‘കെയു വാട്ടര്‍’ എന്ന പേരില്‍ കുപ്പിവെള്ളം പുറത്തിറക്കും.
വിവിധ പഠനഗവേഷണ വകുപ്പുകള്‍ക്ക് ദിശാബോധം ഒരുക്കുന്നതിന് പരിചയസമ്പന്നരും പ്രമുഖരുമായ അക്കാദമിക പണ്ഡിതന്മാരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. ബഹിരാകാശ ശാസ്ത്രഗവേഷണത്തിന് ഫിസിക്സ് വകുപ്പില്‍ ലബോറട്ടറി സൗകര്യമൊരുക്കും. കേരള സര്‍വകലാശാലയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് ആരംഭിക്കും. പനിക്കൂര്‍ക്കയുടെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനാന്വേഷണത്തിന് അവസരമൊരുക്കും തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. സര്‍വകലാശാലയുടെ മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചവയില്‍ 10 ശതമാനം കാര്യങ്ങള്‍ പോലും നടപ്പിലാക്കിയില്ലെന്ന് ഡോ. വിനോദ് കുമാര്‍ പറഞ്ഞു. നവകേരള സദസ്സ് മാതൃകയില്‍ കേരള സദസ്സ് നടത്തുമെന്ന പ്രഖ്യാപനം എന്തിനു വേണ്ടിയെന്ന ഗവര്‍ണറുടെ നോമിനികളുടെ ചോദ്യത്തിന് ബജറ്റ് അവതാരകന് മറുപടി നല്‍കിയില്ല. പി.എസ്. ഗോപകുമാര്‍, അഡ്വ. വി.കെ. മഞ്ചു, എസ്. മിനി വേണുഗോപാല്‍, ജി. സജികുമാര്‍, ആര്. ശ്രീപ്രസാദ് എന്നിവര്‍ ബജറ്റിനെ എതിര്‍ത്തു സംസാരിച്ചു.
836.48 കോടി രൂപയുടെ വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന സന്തുലിത ബജറ്റാണ് അവതരിപ്പിച്ചത്. അതേസമയം രണ്ടു ദിവസം നടത്തേണ്ട ബജറ്റ് അവതരണം ഒറ്റ ദിവസം കൊണ്ടാണ് നടത്തി പാസാക്കിയത്. ആദ്യദിവസം ബജറ്റ് അവതരണവും രണ്ടാം ദിവസം ചര്‍ച്ചയും എന്നതായിരുന്നു രീതി. അതിനുപകരം ബജറ്റ് അവതരണദിനം തന്നെ ചര്‍ച്ചയും നടത്തുകയായിരുന്നു. യുഡിഎഫ് അനുകൂലികള്‍ ബജറ്റ് അവതരണം ബഹിഷ്ക്കരിച്ചു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധികളും ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: