തിരുവനന്തപുരം: കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ഇതിനായി പാർട്ടി സഖാക്കൾ അക്രമം അഴിച്ചുവിടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടി നേതാക്കളുടെ അറിവോടെയാണ് ബോംബ് നിർമാണവും അക്രമപ്രവർത്തനങ്ങളും നടക്കുന്നത്. കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയായാണെന്നും പാർട്ടി ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. പാർട്ടി ഗ്രാമത്തിൽ സ്വാധീനമുള്ള നേതാക്കളാണ് പലരും. നേതൃത്വത്തിനെതിരെ അഴിമതിക്കഥകൾ ഉണ്ടാകുമ്പോൾ ശ്രദ്ധ തിരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന സംശയവും ഉയരുകയാണ്. പാർട്ടിക്കുള്ളിലെ പോര് പഴയതുപോലെ അക്രമവും ബോംബ് സ്ഫോടനവും നടത്തി തീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
സിപിഎം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെയും സിപിഎം ഓഫീസിന്റെയും സമീപത്തായാണ് കഴിഞ്ഞ ദിവസം സ്ഫോടനം ഉണ്ടായത്. കുടക്കളം പാർട്ടി ഗ്രാമം പോലെയുള്ള സ്ഥലമാണ്. അവിടം കേന്ദ്രീകരിച്ച് ഗുണ്ടാപിരിവ്, മയക്കുമരുന്ന് കച്ചവടം, വാറ്റുചാരായം, തടഞ്ഞുനിർത്തി പോക്കറ്റടിക്കൽ തുടങ്ങി നിരവധി സംഭവങ്ങൾ നടക്കുകയും അതുമായി ബന്ധപ്പെട്ട് അനേകം കേസുകളുള്ള സ്ഥലവുമാണ്.
ക്രിമിനൽ ബന്ധം വ്യാപകമായി ഉപയോഗിച്ച് മാഫിയ പ്രവർത്തനം നടത്തുന്നു. കണ്ണൂരിൽ സംഘർഷാവസ്ഥ തിരികെ കൊണ്ടുവരികയാണ് ഇവരുടെ ലക്ഷ്യം. പാർട്ടി നേതാക്കൾക്ക് ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായ ബോധ്യമുള്ളതാണ്. ഇവർക്ക് ബോംബ് നിർമിക്കാൻ ആരാണ് അനുമതി നൽകിയത്? ഇക്കാര്യത്തിൽ പോലീസ് അന്വേഷണം കൃത്യമായി നടക്കുന്നില്ല. കേസ് ഒതുക്കി തീർക്കാൻ ഉന്നത സിപിഎം നേതാക്കൾ തന്നെയാണ് ശ്രമിക്കുന്നത്. ഇത്തരത്തിൽ ബോംബുകൾ പൊട്ടിത്തെറിക്കുന്നതിലും കണ്ടെത്തുന്നതിലും കൃത്യമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: