അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും വെള്ളി കെട്ടിയ ശംഖ് കാണപ്പെട്ടതിനെ കുറിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തി.
കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ജീവനക്കാരില്‍ നിന്നും മൊഴി എടുക്കുകയും ചെയ്തു.എന്നാല്‍ ക്ഷേത്രത്തില്‍ മൂന്ന് സ്വര്‍ണം കെട്ടിയ ശംഖും, ഒരു വെള്ളി കെട്ടിയ ശംഖും ആണ് ഉള്ളതെന്നും, അത് ക്ഷേത്രത്തില്‍ തന്നെ ഉണ്ടെന്നുമാണ് ദേവസ്വം ജീവനക്കാര്‍ വിജിലന്‍സിനോട് പറഞ്ഞത്. ക്ഷേത്ര പരിസരത്ത് നിന്ന് കിട്ടിയ ശംഖ് ഇവിടുത്തെ അല്ലെന്നും ഇവര്‍ മൊഴി നല്കി.
ഞായറാഴ്ചയാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കാക്കാഴം സ്വദേശിയായ വേണു ചപ്പുചവറുകള്‍ക്കിടയില്‍ ശംഖ് കണ്ടത്. വര്‍ഷങ്ങളുടെ പഴക്കമുള്ള വെള്ളി കെട്ടിയ ശംഖ് അലങ്കാരപ്പണികള്‍ ചെയ്തതാണ്. ക്ഷേത്രത്തിലെ പഴയ ഗോശാലയ്ക്ക് സമീപം മാലിന്യ കൂമ്പാരത്തിനിടയിലായിരുന്നു ശംഖ് കിടന്നിരുന്നത്.
എന്നാല്‍ ശംഖ് ലഭിച്ച വേണുവിനെ പ്രതിചേര്‍ത്ത് കേസ് എടുപ്പിക്കുവാന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നടത്തിയ ശ്രമത്തിനെതിരെ ഭക്തജനങ്ങളും രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വേണുവിനെ വിളിപ്പിക്കുകയും ശംഖ് സ്റ്റേഷനില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.ഇതേ തുടര്‍ന്ന് വേണു സ്റ്റേഷനില്‍ എത്തുകയും ഡിവൈഎസ്പിക്ക് ശംഖ് കൈമാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: