കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പോലീസ് സംവിധാനം ദുരുപയോഗം ചെയ്ത് ഗവർണർ സിവി ആനന്ദബോസിനെതിരെ വ്യാജ കേസ് കുത്തിപ്പൊക്കി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിൽ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാൾ പോലീസിനെ രാജ്ഭവൻ ഡ്യുട്ടിയിൽ നിന്ന് മാറ്റാൻ ഗവർണർ സിവി ആനന്ദബോസ് ഉത്തരവിടുകയും മമത സർക്കാർ നടത്തുന്ന നിയമവിരുദ്ധ നടപടികളിൽ ഗവർണർ പിടിമുറുക്കുകയും ചെയ്തതോടെയാണ് പ്രതികാര നടപടിയുമായി മമത രംഗത്ത് വന്നത്.
ഗവർണർക്കെതിരെ പരാതി നൽകിയെന്ന് പറയുന്ന സ്ത്രീ തനിക്ക് പരാതിയില്ലെന്ന് രേഖാമൂലം പലവട്ടം ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായി മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞിട്ടും മമതാബാനർജി പ്രതികാരബുദ്ധിയോടെ അത് കുത്തിപ്പൊക്കി ഗവർണറെ വരുതിയിലാക്കാൻ ബ്‌ളാക്ക്‌മെയ്ൽ തന്ത്രം പയറ്റുകയാണ്. ഗവർണർക്കെതിരെയുള്ള കേസുകൾ ഭരണഘടനാപരമായി സാധുതയില്ലെന്നറിയാവുന്നതിനാൽ രാജ്ഭവൻ സ്റ്റാഫിനെയും ഗവർണറുമായി അടുത്തുനിൽക്കുന്നവരെയും വ്യാജ കേസുകളിൽ കുടുക്കി ഭീഷണിപ്പെടുത്താനാണ് ശ്രമം. ഇക്കാര്യത്തിൽ നടത്തിയ ജുഡീഷ്യൽ അന്വേഷണവും മമതയ്‌ക്കെതിരായി.
രാജ്ഭവൻ അനുമതി നൽകിയിട്ടും തെരഞ്ഞെടുപ്പ് സംബന്ധമായ അക്രമങ്ങൾക്കിരയായവരെയും പ്രതിപക്ഷനേതാവിനെയും തടഞ്ഞ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും രാജ്ഭവൻ സ്റ്റാഫിനെതിരെ എടുത്ത കേസ് സ്റ്റേ ചെയ്യുകയും ചെയ്തത് മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് വ്യാജകേസുകൾ പൊലിപ്പിച്ച് ഗവർണറെ ബ്‌ളാക്ക്‌മെയ്ൽ ചെയ്യാനുള്ള മമതയുടെ പുതിയ നീക്കം.
അതിനിടെ മമത സർക്കാരിലെ അഴിമതിക്കാരായ മന്ത്രിമാർക്കും നേതാക്കൾക്കുമെതിരായ കേസുകളിലും ഗവർണർ പിടിമുറുക്കിയിരിക്കുകയാണ്. ഇതിൽ നിന്ന് മുഖം രക്ഷിക്കാനാണ് മമത ഗവർണറെയും രാജ്ഭവനെയും പുകമറയിലാക്കാൻ കരുക്കൾ നീക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: