ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ് ബിഐ പുതിയ മേധാവിയെ തേടുന്നു. ഇപ്പോഴത്തെ ചെയര്മാന് ദിനേഷ് കുമാര്‍ ഖാരയുടെ കാലാവധി ആഗസ്തില്‍ തീരുന്നതിനാലാണിത്.
വൈകാതെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബ്യൂറോ (എഫ് എസ് ഐബി) യോഗം ചേര്‍ന്ന് പുതിയ മേധാവിയുടെ പേര് നിര്‍ദേശിക്കും. പൊതുമേഖലാ ബാങ്കുകളിലെ സുപ്രധാനപദവികളിലേക്കുള്ള ഉദ്യോഗസ്ഥരുടെ പേര് നിര്‍ദേശിക്കുന്ന സ്വതന്ത്രാധികാര സമിതിയാണ് എഫ് എസ് ഐബി. എസ് ബിഐയുടെ നാല് എംഡിമാര്ക്കാണ് ഇപ്പോള്‍ ചെയര്മാന് പദവിയിലേക്ക് കൂടുതല്‍ സാധ്യതയുള്ളത്.
എസ് ബിഐയുടെ ഇപ്പോഴത്തെ നാല് എംഡിമാര്‍ സി.എസ്. ഷെട്ടി, അശ്വിനികൂമാര് തിവാരി, അലോക് കുമാര്‍ ചൗധരി, വിനയ് എം ടോന്സെ എന്നിവരാണ്. ഇതില്‍ അലോക് കുമാര്‍ ചൗധരി ജൂണ്‍ 30 ന് വിരമിക്കും. പകരം എംഡിയായി റാണാ അഷുതോഷ് കുമാര്‍ സിങ്ങിന്റെ പേര് എഫ് എസ് ഐബി നിര്‍ദേശിച്ചിട്ടുണ്ട്.
2023 ഒക്ടോബര്‍ 23ന് ഇപ്പോഴത്തെ ചെയര്‍മാനായ 63 കാരന് ദിനേഷ് കുമാര്‍ ഖാരയുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ 2024 ആഗസ്ത് 28 വരെ നീട്ടിക്കൊടുത്തിരുന്നു. 2020 ഒക്ടോബര്‍ ഏഴിനാണ് ദിനേഷ് കുമാര്‍ ഖാര എസ് ബിഐ ചെയര്‍മാനായി നിയമിക്കപ്പെട്ടത്. 1984ല്‍ ഒരു സാധാരണ പ്രൊബേഷനറി ഓഫീസറായി എസ് ബിഐയിലേക്ക് കടന്നുവന്ന ആളാണ് ദിനേഷ് കുമാര്‍ ഖാര. കൊമേഴ്സില്‍ ബിരുദാനന്തരബിരുദധാരിയായ ദിനേഷ് കുമാര്‍ ഖാര ദല്‍ഹിയിലെ ഫാക്കല്‍റ്റി മാനേജ് മെന്റ് സ്റ്റഡീസില്‍ (എഫ് എംഎസ്) നിന്നും എംബിഎ നേടി.
22,405 ശാഖകളും 65,627 എടിഎമ്മുകളുമുള്ള ബാങ്കിംഗ് മേഖലയിലെ വടവൃക്ഷമാണ് എസ് ബിഐ.
മോദിയുടെ നേതൃത്വത്തില്‍ ബാങ്കിംഗ് മേഖല ശക്തമായി തിരിച്ചുവന്നു- ഖാര
ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിന് അസാധാരണമായ തീരുമാനങ്ങള്‍ എടുത്ത് ശക്തനായ നേതാവാണ് മോദിയെന്ന അഭിപ്രായക്കാരനാണ് ദിനേഷ് കുമാര്‍ ഖാര. പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണമാണ് മോദിയുടെ അടുത്ത പദ്ധതി. അതുവഴി നാലോ അഞ്ചോ വമ്പന്‍ പൊതുമേഖലാ ബാങ്കുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇന്ത്യ വളര്‍ച്ചയുടെ ഉന്നതശൃംഗത്തിലാണ് ഇപ്പോഴുള്ളത്. അതിന് വലിയ മൂലധനം ആവശ്യമാണ്. വലിയ പൊതുമേഖലാബാങ്കുകള്ക്കേ അതിന് സാധിക്കൂ എന്നും ദിനേഷ് കുമാര്‍ ഖാര പറയുന്നു. ശക്തമായ വമ്പന്‍ പൊതുമേഖലാ ബാങ്കുകള്‍ ആഗോള രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ സഹായകരമാകുമെന്നും ഖാര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: