തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വന്‍തോല്‍വിക്ക് കാരണം സിപിഎമ്മിന്റെ മുസ്ലിം പ്രീണനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഹമാസ് അനുകൂലവും സിഎഎ വിരുദ്ധവുമായ പ്രചരണമാണ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം നടത്തിയത്. ഭരണപരാജയവും അഴിമതിയും മറച്ചുവയ്‌ക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകള്‍ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ പ്രചരണം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. സിപിഎം വിതച്ചതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കൊയ്തത്. ഭാവിയില്‍ അത് മതതീവ്രവാദികള്‍ക്കാണ് ഗുണം ചെയ്യുക. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. എന്‍ഡിഎയ്‌ക്ക് ലഭിച്ചത് പോസിറ്റീവ് വോട്ടുകളാണ്. സിപിഎമ്മിന്റെ മുസ്ലിം പ്രീണനത്തിനെതിരെ സിപിഎമ്മിലെ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട അണികള്‍ വ്യാപകമായി ബിജെപിക്ക് വോട്ടു ചെയ്തു.
സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെപി വന്‍മുന്നേറ്റമുണ്ടാക്കിയത് ഇതിന്റെ പ്രതിഫലനമാണെന്ന് വ്യക്തമാണ്. വര്‍ഗീയ പ്രീണനം സിപിഎം തുടരുമെന്നതിന്റെ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം മതമൗലികവാദികളുടെ വോട്ടിന് വേണ്ടി മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. സിപിഎം തിരുത്തലുകള്‍ക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക