ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണ റണൗത്തിനെ ചണ്ഡിഗഢിലെ വിമാനത്താവളത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥ കൈയേറ്റം ചെയ്തു; മുഖത്തടിച്ചുവെന്നാണ് കങ്കണയുടെ വെളിപ്പെടുത്തല്‍. പഞ്ചാബിലെ സുല്‍ത്താന്‍പുര്‍ സ്വദേശിയായ കുല്‍വിന്ദ് കൗര്‍, എന്ന സിഐഎസ്എഫ് കോണ്‍സ്റ്റബിളിന്റെ പ്രവൃത്തി അവര്‍ സ്വയം ന്യായീകരിച്ചു. കര്‍ഷക സമരത്തില്‍ പങ്കെടുത്തവര്‍ ദിവസം നൂറും ഇരുന്നൂറും രൂപ കൂലി കിട്ടിയിട്ടാണ് സമരപ്പന്തലില്‍ ഇരുന്നത് എന്ന് കങ്കണ പ്രസ്താവിച്ചു, അത് സമരത്തിലുണ്ടായിരുന്ന തന്റെ അമ്മയേയും അപമാനിക്കുന്ന പ്രസ്താവനയായി, അന്നുമുതല്‍ അവസരം നോക്കിയിരിക്കുകയായിരുന്നുവെന്നാണ് ആക്രമണത്തിന് കുല്‍വിന്ദ് കൗറിന്റെ ന്യായം.
കങ്കണ പ്രസിദ്ധ നടിയാണ്. സിനിമാതാരത്തിനപ്പുറം സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ അഭിപ്രായം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍നിന്ന് മികച്ച ഭൂരിപക്ഷത്തില്‍ എംപി ആകുകയും ചെയ്തു. വിമാനത്താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിക്കിടെ യാത്രക്കാരിയെ അക്രമിച്ചുവെന്ന ഒരു കേസില്‍ കുല്‍വിന്ദ് കൗര്‍ സസ്പെന്‍ഷനിലായി. ഈ വിഷയത്തില്‍ ആക്രമണകാരിയായ സുരക്ഷാ ജോലിക്കാരിയെ ന്യായീകരിക്കാന്‍ പലരും ഉണ്ടായി, അവര്‍ കങ്കണയോടുള്ള രാഷ്ട്രീയ-വ്യക്തി വൈരാഗ്യം പ്രകടിപ്പിക്കുകയായിരുന്നു. കങ്കണയോടുള്ള വിരോധം അവര്‍ക്ക് ബിജെപി വിരോധവും മോദി വിരോധവും മോദിസര്‍ക്കാരിനോടുള്ള വിരോധവും ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക നിയമഭേദഗതി ബില്ലിനോടുള്ള വിരോധവുമായിരുന്നു.
സൈബര്‍ ആശയവിനിമയ സംവിധാനത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം വലുതാണ്. മാധ്യമങ്ങളില്‍ ‘യമധര്മ്മരാജ’നാണ് അവ. ഒരേസമയം ധര്മ്മരക്ഷകനാണ്, ഒപ്പം ഇല്ലാതാക്കുന്ന, ആയുധമെടുക്കുന്ന പ്രവര്‍ത്തനവും ചെയ്യും. അര്‍ഹിക്കുന്നവര്‍ക്ക്, യോഗ്യര്‍ക്ക്, അംഗീകാരം നേടിക്കൊടുക്കും. അതേസമയം അയോഗ്യര്‍ കൈകാര്യം ചെയ്താല്‍ അനര്‍ത്ഥങ്ങള്‍ അവരവര്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാക്കാന്‍ സൗകര്യവും ചെയ്യും. ”കായംകുളംവാള്‍” എന്ന പ്രയോഗം തികച്ചും ചേരും സമൂഹമാധ്യമങ്ങള്‍ക്ക്. അവിടെ വ്യാജപ്പേരില്‍, വ്യക്തിത്വം വെളിപ്പെടുത്താതെ അന്യരെ ഉപദ്രവിക്കാന്‍ ആക്ഷേപവും ആരോപണവും അപഖ്യാതിയും അസംബന്ധവും പ്രവര്‍ത്തിക്കുന്നവരുണ്ട്. അത് ചില വ്യക്തികളുടെ മനോവൈകല്യമാണ്. എന്നാല്‍, സംഘടിതമായി എതിര്‍പക്ഷത്തുള്ളവരെ ‘ആക്രമിക്കാന്‍’ സംഘടനകള്‍ വ്യാജസ്വഭാവത്തില് അത്തരം സൈബറിടങ്ങള്‍ വിനിയോഗിച്ച് സാംസ്കാരികവും സാമൂഹ്യ രാഷ്ട്രീയ ‘കബറിടങ്ങള്‍’ ഉണ്ടാക്കുന്നതിനെ അപകടകരമെന്നല്ല, മ്ലേച്ഛമെന്നാണ് പറയേണ്ടത്. അത്തരത്തില്‍ രാഷ്ട്രീയ എതിര്‍പ്രചാരണത്തിന് വിനിയോഗിക്കപ്പെട്ടിരുന്ന ‘അജ്ഞാതരില്‍’ പ്രമുഖനായിരുന്നു ‘പോരാളി ഷാജി.’
കേരളത്തില്‍, മലയാളത്തില്‍ ഈ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇക്കാലമത്രയും പ്രവര്‍ത്തിച്ചത് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്, പ്രത്യേകിച്ച് സിപിഎമ്മിന് അനുകൂലമായാണ്. അവര്‍ക്ക് എതിരായി ആരു നില്ക്കുന്നുവെന്നു തോന്നുന്നുവോ അവരെ ഏതെല്ലാം തരത്തില്‍ ഹത്യ ചെയ്യാമോ അതെല്ലാം ചെയ്തുപോന്നു. സിപിഎം നേതാക്കള്‍, പ്രാദേശീയരും തദ്ദേശീയരും സംസ്ഥാന-ദേശീയ നേതാക്കളും ‘പോരാളി ഷാജിക്ക്’ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടിരുന്നു; ഒടുവില്‍ ‘മരം പുരയ്ക്കു മേലേ’ക്ക് ചരിഞ്ഞു. സിപിഎം നേതാവ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, സിപിഎമ്മിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് സോഷ്യല്‍ മീഡിയയാണെന്നും അതില്‍ ‘പോരാളി ഷാജി’ പ്രധാനിയാണെന്നും അയാള്‍ വ്യാജനാണെന്നും അതിന്റെ പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു! ‘വേലി വിളവുതിന്നുക,’ ‘ഭസ്മാസുരന് വരം കൊടുത്ത പരമശിവന്റെ അവസ്ഥ,’ ‘ഊട്ടിയ കൈകൊണ്ട് ഉദകക്രിയ ചെയ്യേണ്ടിവരിക,’ ‘വിഷപ്പാമ്പിന് പാലുകൊടുക്കുക’ തുടങ്ങിയ ചൊല്ലുകളും പ്രയോഗങ്ങളും മലയാളിക്ക് ഈ കരച്ചില് കേള്‍ക്കുമ്പോള്‍ ഓര്മവരാം. എം.വി. ജയരാജന് ഈ ആവശ്യം ഉയര്‍ത്തുമ്പോള്‍ ‘പോരാളി ഷാജി’മാരെ പിന്തുണയ്ക്കാന്‍ സിപിഎമ്മില്‍ത്തന്നെ ഒട്ടേറെപ്പേരുണ്ടാകുന്നുവെന്നത് ഗൗരവതരമായ കാര്യമാണ്.
ഈ രണ്ടു സംഭവങ്ങള്‍ വിവരിച്ചത് സംഘടനകള്‍ വ്യക്തികളേയും വ്യക്തികള്‍ സമൂഹത്തെയും തെറ്റായി സ്വാധീനിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമ്പോള്‍ അത് രാജ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും സംബന്ധിച്ച് അഭിപ്രായപ്പെടാനാണ്.
കങ്കണ റണൗത്തിനെ ആക്രമിച്ചത് സുരക്ഷാ ചുമതലക്കാരിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. കങ്കണ പൊതുപ്രവര്‍ത്തകയാണ്. കങ്കണ ചെയ്തുവെന്നു പറയുന്ന ‘കുറ്റം’ ഒരു വാസ്തവം വിളിച്ചുപറഞ്ഞതാണ്. പക്ഷേ കങ്കണയോടല്ല, കാര്‍ഷിക ബില്ലിനോടാണ്, കേന്ദ്രസര്‍ക്കാരിനോടാണ്, അത് നയിക്കുന്നവരോടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. അതിന് കാരണം കാര്‍ഷിക ബില്ലിന്റെ പേരില്‍ ഉണ്ടായ വ്യാജപ്രചാരണങ്ങള്‍ അവരില്‍ ഉണ്ടാക്കിയ അബദ്ധധാരണകളാണ്. അതിനോടുള്ള എതിര്‍പ്പ് ബില്ലിനോടോ നിയമത്തോടോ ആകുന്നതിന് പകരം വ്യക്തിയോടും പ്രസ്ഥാനങ്ങളോടും ആയി മാറിയതാണ് കങ്കണക്കെതിരെയുള്ള ആക്രമണമായത്. ഇതാണ് വ്യാജപ്രചാരണം ഉണ്ടാക്കുന്ന അപകടം. സമൂഹമനസ്സിനെ ഒരു കാര്യമോ സംഭവമോ ബാധിക്കുന്നതും സ്വാധീനിക്കുന്നതും വ്യത്യസ്തമാണ്. ‘ബാധിക്കല്‍’ അപകടകരമാണ്, ‘സ്വാധീനിക്കല്‍’ പക്ഷേ ഗുണകരവുമാകാം. വാസ്തവത്തില്‍ കുല്‍വിന്ദ് കൗര്‍ ഓര്‍മിപ്പിക്കുന്നത് ഇന്ദിരാഗാന്ധിയുടെ വധത്തെയാണ്.
ഇന്ദിരാവധം ഓര്‍മിക്കാന്‍ കാരണം പലതുണ്ട്. രണ്ട് കാരണങ്ങള്‍ പറയാം. ഒന്ന് ഇന്ദിരാഗാന്ധി 1975 ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ജൂണ്‍ മാസം 25 ന് അര്‍ധരാത്രിയിലായിരുന്നു നടപ്പായത് (1975 ജൂണ്‍ 25). രാജ്യത്ത് വന്‍ നാശം അതുണ്ടാക്കി.
മറ്റൊരു ചരിത്രം പറയാം. ‘ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്’ എന്ന ഔദ്യോഗികമായ, അനിവാര്യമായ, ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യ നിര്‍വഹണത്തിനോടുള്ള പ്രതികാരമാണ് സ്വന്തം സുരക്ഷാഭടനായിരുന്ന ബിയാന്ത് സിങ്ങിന്റെ യന്ത്രത്തോക്കിലെ വെടിയുണ്ടയേറ്റ് ഇന്ദിര കൊല്ലപ്പെടാനിടയായത്. ശരിയാണ്, ഭിന്ദ്രന്‍വാലയെന്ന ഖാലിസ്ഥാന്‍ ഭീകരനെ പഞ്ചാബില്‍ വളര്‍ത്തിയത് ഇന്ദിരയാണ്. അവസാനം ‘മരം പുരയ്ക്ക് മേല്‍ ചായുകയോ’ ‘ഭസ്മാസുര’നാകുകയോ ചെയ്തപ്പോഴാണ് വിശുദ്ധമായ സിഖ് ആരാധനാകേന്ദ്രം സുവര്‍ണക്ഷേത്രത്തില്‍ സൈന്യത്തിന് കയറേണ്ടിവന്നത്. ആ ബിയാന്ത് സിങ്ങിന്റെ വഴിയാണ് കുല്‍വിന്ദ് കൗറിന്റെ ചിന്തയും പ്രവൃത്തിയും എന്നതാണ് ആരേയും ഞെട്ടിക്കുന്നത്.
ഇന്ദിരാ വധവുമായി ഓര്മ ചേരാനുള്ള രണ്ടാമത്തെ കാരണം, 2024 ലെ പൊതുതെരഞ്ഞെടുപ്പ് ഫലമാണ്. പഞ്ചാബിലെ ഫരീദ്കോട്ട് ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥി സര്‍ബജിത് സിങ്ങിന്റെ ചരിത്രം മനസ്സിലാക്കിയപ്പോഴാണത്. ഇന്ദിരാവധത്തിലെ പ്രതി ബിയാന്ത് സിങ്ങിന്റെ മകനാണ് സര്‍ബജിത് സിങ്. രാജ്യവിഭജനത്തിന് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഭാഗമാണ് സര്‍ബജിത്. ജയിലില്‍കിടന്നാണ് ഇയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജയിലില്‍കിടന്ന് മത്സരിച്ച് ജയിച്ച മറ്റൊരാള്‍ അമൃത്പാല്‍ സിങ്ങാണ്. ദുബായില്‍ ട്രാന്‍സ്പോര്‍ട്ട് ബിസിനസ് നടത്തി, മടങ്ങിവന്ന് പഞ്ചാബില്‍ ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടന ഇയാള്‍ നയിച്ചു. പ്രവര്‍ത്തനങ്ങളിലെ രാജ്യവിരുദ്ധ സ്വഭാവം കണ്ട് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് 2023 ഏപ്രിലില്‍ ഇയാളെ പഞ്ചാബ് പോലീസ് അസാം ജയിലില്‍ അടച്ചതാണ്. കര്‍ഷകസമരത്തിലെ ഖാലിസ്ഥാന്‍വാദികളുടെ പങ്ക്, ജയിലില്‍ കിടന്നുള്ള മത്സരിക്കല്‍, വിജയം, നരേന്ദ്ര മോദി ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുമ്പ് ഇറ്റലിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അവിടെയുള്ള ഇന്ത്യക്കാരായ ഖാലിസ്ഥാന്‍ വാദികള്‍ തകര്‍ത്തത്, 2024 തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വിദേശത്തുനിന്ന് ധന-സാമഗ്രി സഹായം ലഭിച്ചുവെന്ന വാര്‍ത്തകള്‍ എല്ലാം ചേര്‍ത്തു ചിന്തിക്കണം. അതായത്, താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന് ഉയര്‍ത്തുന്ന ആക്ഷേപവും ആരോപണവും അതിസാധാരണ ജനങ്ങളുടെ മനസ്സിനെപ്പോലും എത്ര ‘ബാധി’ക്കുന്നുവെന്നതാണ് വിഷയം. കങ്കണയെ ആക്രമിച്ച കുല്‍ജിത് കൗറിന്റെ കൈയില്‍ യന്ത്രത്തോക്കുണ്ടായിരുന്നെങ്കില് കശ്മീരില്‍നിന്ന് മത്സരിച്ച് വിജയിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും ഭീകരസംഘടനാ ബന്ധമുണ്ട്. അയാളും ജയിലില്‍ കിടന്നാണ് മത്സരിച്ചത്; എബിനീര് റഷീദ് (56) നമ്മുടെ ജനാധിപത്യത്തിന്റെ വിശാലത കങ്കണയെ ആക്രമിച്ചതിനും പഞ്ചാബിലെയും കശ്മീരിലെയും ഭീകരരുടെ തെരഞ്ഞെടുപ്പുവിജയങ്ങള്ക്കും സിപഎമ്മിന്റെ പരാജയ കാരണത്തിന് സമൂഹ്യമാധ്യമങ്ങളെ പഴിക്കുന്നതിനും തമ്മില്‍ ബന്ധം ഇല്ലെന്ന് തോന്നാം. പക്ഷേ ഉണ്ട്. അതാണ് കുപ്രചാരണങ്ങള്‍ ഉണ്ടാക്കുന്ന ദുഷ്ടസ്വാധീനം. പോരാളി ഷാജിയെ മുന്‍നിര്‍ത്തി, ധര്‍മ്മയുദ്ധത്തില്‍ ശിഖണ്ടിയെ മറയാക്കി ഭീഷ്മരെ വീഴിച്ച ദുര്യോധനതന്ത്രത്തിന്റെ മാതൃകയായിരുന്നു സിപിഎം അവരുടെ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ നടത്തിയത്. അപ്പോള്‍ അവര്‍ അത് പ്രോത്സാഹിപ്പിച്ചു. അത് നേരെതരിരിഞ്ഞ് നെഞ്ചിലേക്ക് വരുന്നുവെന്നറിഞ്ഞപ്പോള്‍ പരിതപിക്കുന്നു. ഭിന്ദ്രന്‍വാല സ്വന്തം കസേരയില്‍ കണ്ണുവയ്ക്കുന്നുവെന്ന് തോന്നിയപ്പോഴാണല്ലോ ഇന്ദിരക്ക് സൈന്യത്തെ വിനിയോഗിക്കേണ്ടിവന്നത്. വ്യാജപ്രചാരണങ്ങളിലും ചരിത്രനിര്‍മാണത്തിലും ഉള്ള കെട്ടിപ്പൊക്കലുകളുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അസ്തിത്വം. വിജ്ഞാനവും വികസനവും തുറന്ന വാതിലുകളും ആ സംവിധാനത്തിന്റെ തകര്‍ച്ചക്ക് കാരണമാകും. കേരളത്തിലും കോട്ടയ്ക്ക് വിള്ളല്‍ വീണു; കോട്ടയ്ക്കകത്ത് പാളയത്തില്‍പ്പടയും. അപ്പോള്‍ ഒരിക്കല്‍ താലോലിച്ച് വളര്‍ത്തിയവര്‍ പ്രയോഗിച്ചു പഠിച്ച വിദ്യകള്‍ ശീലമാക്കുന്നതില്‍ പരിഭവിച്ചിട്ടു കാര്യമില്ല. അങ്ങനെയാണ് മാരക വൈറസുകള്‍ പടരുന്നതും തുടരുന്നതും. ഭിന്ദ്രന്‍വാലയുടെ തുടര്‍ച്ച സര്ബജിത്തിലും അമര്പാലിലും കുല്‍വിന്ദ് കൗറിലും ഇന്ന് കാണുകയാണ്. ആ പട്ടികയിലുള്ള പോരാളി ഷാജിമാര്‍ ഒരാളല്ല, അതുകൊണ്ടാണ് അവര്‍ മറഞ്ഞിരിക്കുന്നത്. വ്യാജ പ്രചാരണങ്ങള്‍ ബാധിക്കുന്നത് എന്നും വ്യക്തികളെയും അതിലൂടെ രാഷ്ട്രത്തേയുമാണ്.
പിന്കുറിപ്പ്:
മൂന്ന് പുതിയ എന്‍ എസ് ജി (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ്) യൂണിറ്റുകള്‍ രാജ്യത്ത് തുടങ്ങുന്നതില്‍ ഒന്ന് കേരളത്തില്‍. പത്താന്‍കോട്ടും അയോദ്ധ്യയിലും ഓരോന്ന്. കേരളം ഹോട്സ്പോട്ടാണെന്ന് തിരിച്ചറിഞ്ഞത് ഭാഗ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: