ന്യൂഡല്‍ഹി: ഉക്രെയ്ന് വിഷയത്തില്‍ ‘സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമം ഇന്ത്യ തുടരുകയാണെന്നും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇന്നു മുതല്‍ 16 വരെ സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന ഉക്രെയ്ന് സമാധാനത്തിനായുള്ള ഉച്ചകോടിക്ക് ഒരു ദിവസം മുന്നേ ഇറ്റലിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ ഉക്രെയ്ന് പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തതായും ഉക്രെയ്ന് വ്യക്തമാക്കി.
സമാധാന ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും അതിന്റെ അജണ്ടയിലെ വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും സംസാരിച്ചതായി സെലന്‍സ്കി ഫേസ്ബുക്കില്‍ പറഞ്ഞു. ഉച്ചകോടിയിലേക്ക് ഉന്നതതല സംഘത്തെ അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: