India

“സത്യുഗ് ഗോള്‍ഡ്” നിക്ഷേപ പദ്ധതി: വ്യാപാരിയെ വഞ്ചിച്ചതായി ആരോപണം; ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കുമെതിരെ അന്വേഷണ ഉത്തരവിട്ട് കോടതി

Published by

ബോളിവുഡ് താരം ശില്‍പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മുംബൈയിലെ പ്രമുഖ വ്യാപാരിയെ വഞ്ചിച്ചതായി ആരോപണം. വ്യാപാരിയായ പൃഥ്വിരാജ് സാരെമല്‍ കോത്താരി ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മുംബൈ സെഷൻസ് കോടതി ഉത്തരവിട്ടു.

കോത്താരിയുടെ പരാതി പ്രകാരം ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനം സ്വർണ്ണ നിക്ഷേപത്തില്‍ ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്യുന്ന “സത്യുഗ് ഗോള്‍ഡ്” എന്ന നിക്ഷേപ പദ്ധതി ആരംഭിച്ചിരുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുക്കാതെ, നിക്ഷേപകർക്ക് ഒരു നിശ്ചിത നിരക്കില്‍ സ്വർണ്ണം എപ്പോഴും നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു പദ്ധതി.

കോത്താരിയെ പദ്ധതിയില്‍ ഗണ്യമായ തുക നിക്ഷേപിക്കാൻ പ്രതികള്‍ തന്നെ പ്രേരിപ്പിച്ചതായി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ശില്‍പ ഷെട്ടിയുടെയും കുന്ദ്രയുടെ ഉറപ്പ് പ്രകാരം അവരുടെ കൂട്ടാളികള്‍ പദ്ധതിയുടെ നിയമസാധുതയെക്കുറിച്ചും കാലാവധി പൂർത്തിയാകുമ്പോൾ സ്വർണ്ണം കൃത്യമായി ലഭിക്കുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

തുടര്‍ന്ന് കോത്താരി 90,38,600 രൂപ നിക്ഷേപിച്ചു. എന്നാല്‍ പദ്ധതി കാലവധി തീര്‍ന്ന ഏപ്രില്‍ 2019ന് പറഞ്ഞ സ്വര്‍ണ്ണം ലഭിച്ചില്ലെന്ന് കോത്താരി ആരോപിക്കുന്നു. ശില്‍പ ഷെട്ടി കുന്ദ്ര ഒപ്പിട്ട കവറിംഗ് ലെറ്ററും സത്യുഗ് ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഇൻവോയ്സും ഉള്‍പ്പെടെ രേഖകള്‍ പരാതിക്കാരൻ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസിനോട് നിര്‍ദേശിച്ചു. ഈ വര്‍ഷം ആദ്യം മറ്റൊരു പദ്ധതി തട്ടിപ്പിന്റെ പേരില്‍ രാജ് കുന്ദ്രയുടെ 97.79 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by