കോഴിക്കോട്: പന്തീരാങ്കാവില്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് നല്കിയ കേസിലെ പരാതിക്കാരി യുവതി മൊഴി നല്‍കിയശേഷം ദല്‍ഹിയിലേക്ക് മടങ്ങി. വെളളിയാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്.
ഇന്നലെ രാത്രി കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. വീട്ടില്‍ നില്ക്കാന് താല്പര്യമില്ലെന്നും ദല്‍ഹിയില്‍ പോകണമെന്നും മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയെ ദല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയില്‍ എത്തിച്ചത് . വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനാലാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയത് എന്നായിരുന്നു യൂട്യൂബ് ചാനലിലൂടെ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് മൊഴി മാറ്റമെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുളളിലാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതിയും വീട്ടുകാരും രംഗത്തു വന്നത്. ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്നും സ്ത്രീധനം ആവശ്യപ്പെട്ടു എന്നുമായിരുന്നു പരാതി.
പരാതിക്ക് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ജര്‍മ്മനിയിലേക്ക് കടന്നിരുന്നു. ഇയാളെ തിരിച്ചെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് യുവതി മൊഴി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: