ന്യൂദല്‍ഹി: മൂന്നാം മോദി സര്‍ക്കാരിലും ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവല്‍ മൂന്നാമതും എത്തുമ്പോള്‍ തീവ്രവാദികള്‍ക്കും ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും നടുക്കം. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ലും രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2019ലും അജിത് ഡോവല്‍ തന്നെയായിരുന്നു ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകന്. ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ മൂന്ന് തവണ തുടര്‍ച്ചയായി ഈ പദവി വഹിക്കുന്നത്. മോദി-ഡോവല്‍ കൂട്ടുകെട്ട് തീവ്രവാദസംഘടനകളുടെ ഉറക്കം കെടുത്തുന്ന കൂട്ടുകെട്ടാണ്. അത് ഇനിയും തുടരുമെന്നാണ് ഡോവലിന്റെ നിയമനത്തിലൂടെ പുറത്തുവരുന്ന വസ്തുത.
1968ലെ ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. തീവ്രവാദ വിരുദ്ധ വിദഗ്ധന്‍ എന്ന നിലയിലും ആണവപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിപുണന് എന്ന നിലയിലും അജിത് ഡോവല്‍ ദേശീയ സുരക്ഷാപദവി വഹിച്ചിരുന്ന മുന്ഗാമികളില് നിന്നും വ്യത്യസ്തനാണ്.
പാകിസ്ഥാന്റെ ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാന് അധിനിവേശ കശ്മീര്‍ ഇന്ത്യന്‍ സേന ആക്രമണം നടത്തിയതിന് പിന്നില്‍ അജിത് ഡോവലിന്റെ ബുദ്ധിയാണ്. പുല്‍വാമ തീവ്രവാദ ആക്രമണത്തിന് പാകിസ്ഥാന് ബാലകോട്ട് ആക്രമണത്തിലൂടെ ഇന്ത്യ മറുപടി നല്കിയതും അജിത് ഡോവല്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു. ഇതുപോലെ മോദി സര്‍ക്കാരിന് പ്രശംസ നേടിക്കൊടുക്കുന്ന ഒട്ടേറെ ദൗത്യങ്ങളുടെ ആസൂത്രകന്‍ അജിത് ഡോവല്‍ ആയിരുന്നു.
1999ല്‍ കാണ്ഡഹാറിലേക്ക് പാക് തീവ്രവാദികള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയപ്പോള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് അജിത് ഡോവലായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയില്‍ വിവിധ സ്ഥാനങ്ങളില്‍ 33 വര്‍ഷത്തോളം അജിത് ഡോവല്‍ ജോലി ചെയ്തു. ജമ്മു കശ്മീരിലും യുകെയിലും ഉള്‍പ്പെടെ ജോലി ചെയ്തു.
പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഭീകരവാദ സംഘടന എന്ന നിലയില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സഹായിക്കുന്ന ഒട്ടേറെ വസ്തുതകള്‍ കണ്ടെത്തുന്നതിന് പിന്നില്‍ ഡോവലിന്റെ ബുദ്ധിയുണ്ട്. ഇതുപോലെ അറിഞ്ഞ കഥകളേക്കാള്‍ ഡോവലിനെചുറ്റിപ്പറ്റിയുള്ള അറിയാക്കഥകള്‍ എത്രയോ അധികമാണ്.
രഹസ്യാന്വേഷണത്തില്‍ തന്റേതായ ശൈലിയിലൂടെ ഔദ്യോഗിക ജീവിതത്തില്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. പാകിസ്ഥാനില്‍ വര്‍ഷങ്ങളോളം രഹസ്യവിവരശേഖരണത്തിന് തെരുവില്‍ ഭിക്ഷക്കാരനായും കീറക്കടലാസുകള്‍ പെറുക്കുന്ന ആളായും വരെ വേഷം കെട്ടിയിട്ടുണ്ട് അജിത് ഡോവലെന്നത് ഏറെ പ്രസിദ്ധമായ കഥ. കാബിനറ്റ് മന്ത്രിയുടെ പദവിയാണ് ഇദ്ദേഹത്തിന് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: