തിരുവനന്തപുരം ∙ മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ്, 65) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മോർച്ചറിയിലുള്ള മൃതദേഹം തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതു ദർശനത്തിനു ശേഷം വട്ടിയൂർക്കാവ് കല്ലുമലയിലെ വീട്ടിലെത്തിക്കും. സംസ്കാരം മറ്റന്നാൾ ∙ വട്ടിയൂർ സിഎഫ്എസ് പള്ളിയിലെ ചടങ്ങുകളെ തുടർന്ന് നെട്ടയം മലമുകൾ സെമിത്തേരിയിൽ.
വിവിധ ബ്യുറോകളിൽ റിപ്പോർട്ടറായും ന്യൂസ് ഡെസ്കിലുമായി നാലു പതിറ്റാണ്ടോളം നീണ്ടതായിരുന്നു ആലപ്പുഴ എടത്വ സ്വദേശിയായ അദ്ദേഹത്തിന്റെ പത്രപ്രവർത്തന ജീവിതം. കേരള രാഷ്‌ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ, ഇടുക്കി തങ്കമണി ഗ്രാമത്തിലെ പൊലീസ് അതിക്രമം പുറംലോകത്തെ അറിയിച്ചത് അദ്ദേഹത്തിന്റെ റിപ്പോർട്ടാണ്. പരമ്പരാഗത തൊഴിലാളികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾ അവതരിപ്പിച്ച പരമ്പരകളും ശ്രദ്ധേയമായി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് (1992), ബിൽ ക്ലിന്റന്റെ സ്ഥാനാരോഹണം (1993), ഇന്ത്യ – യു എസ് ആണവ ചർച്ചകൾ (2000), കോപ്പൻഹേഗനിലെ യുഎൻ കാലാവസ്ഥ ഉച്ചകോടി (2010) തുടങ്ങിയവ മനോരമക്കായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ്സ്‌മാൻ പുരസ്കാരം രണ്ട് തവണ നേടി.
യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയുടെ ജോൺ എസ്. നൈറ്റ് ഫെലോഷിപ്പും യൂറോപ്യൻ കമ്മിഷന്റെ ലോറൻസോ നടാലി പ്രൈസും നേടിയ ഏക മലയാളി പത്രപ്രവർത്തകനാണ്. ഫ്രാൻസിലെ ക്ലബ് ഓഫ് പ്രസ് ആൻഡ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ് ഏർപ്പെടുത്തിയ ഫ്രഞ്ച് ഫ്രീഡം പ്രൈസ്, ബ്രിട്ടനിലെ റോയിട്ടേഴ്സ് ഫൗണ്ടേഷൻ ഫെലോഷിപ്, മനിലയിലെ ഏഷ്യൻ സെന്റർ ഫോർ ജേണലിസം (എസി എഫ്ജെ) ഫെലോഷിപ്, പാനോസ് സൗത്ത് ഏഷ്യ ഫെലോഷിപ്, ലാഡ്‌ലി മീഡിയ ദേശീയ അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ അവാർഡ് തുടങ്ങിയവ നേടി
കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഭാര്യ: കൊച്ചുറാണി ജോര്‍ജ്(മുൻ അധ്യാപിക, നിർമല ഭവൻ സ്കൂൾ, തിരുവനന്തപുരം) മക്കള്‍: അമ്മു ജോര്‍ജ് (അസി.പ്രഫസർ, ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫെസ്റ്റ്, യുകെ), തോമസ് ജോര്‍ജ്(സീനിയർ അസോഷ്യേറ്റ്, ബെയിൻ ആൻഡ് കമ്പനി, ഡൽഹി). മരുമകന്‍: അരുണ്‍ പുളിക്കന്‍(ഡിസൈൻ മാനേജർ, ലെവിസ്റ്റോക്ക്,സിംഗപൂർ)
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എ.എൻ.ഷംസീർ, കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍,
മന്ത്രി വി.ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അനുശോചിച്ചു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളിയുടെ ദേഹവിയോഗത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ – ഫിഷറീസ് – മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ അനുശോചിച്ചു. ജനപക്ഷ മാദ്ധ്യമപ്രവർത്തനം നടത്തിയ സിബി കാട്ടാമ്പള്ളിയുമായി വളരെ കാലത്തെ വ്യക്തിബന്ധമാണുള്ളത്. മലയാള മനോരമയിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ച അദ്ദേഹം പുതിയ മാദ്ധ്യമപ്രവർത്തകർക്ക് മാതൃകയാണ്. നിരവധി മാദ്ധ്യമ പുരസ്കാരങ്ങൾ അദ്ദേഹം നിലവിൽ തിരുവനന്തപുരം പ്രസ്ക്ലബിന്റെ ജേർണലിസം കോഴ്സിന്റെ ഡയറക്ടർ കൂടിയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നതായും കേന്ദ്ര സഹമന്ത്രി അറിയിച്ചു
കെ.സുരേന്ദ്രൻ
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മലയാള മനോരമയിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ച അദ്ദേഹം മലയാള മാദ്ധ്യമരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. നിരവധി മാദ്ധ്യമ പുരസ്കാരങ്ങൾ അദ്ദേഹം നിലവിൽ തിരുവനന്തപുരം പ്രസ്ക്ലബിന്റെ ജേർണലിസം കോഴ്സിന്റെ ഡയറക്ടർ കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു











