പാരിസ്: അഞ്ച് സെറ്റ് നീണ്ട ത്രില്ലര്‍ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ തോല്‍പ്പിച്ച് സ്പെയിനിലെ കാര്‍ലോസ് അല്‍കാരസ് കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി.
ഫ്രഞ്ച് ഓപ്പണ്‍ ടൈറ്റില്‍ കൊടിയിറങ്ങിയെങ്കിലും മത്സരങ്ങള്‍ നടന്ന റോളന്‍ഡ് ഗാരോസിലെ കളിമണ്‍ കളിത്തട്ടിന് വിശ്രമമില്ല. ലോകം കാത്തിരിക്കുന്ന മറ്റൊരു മാമാങ്കത്തിനുള്ള ഒരുക്കം വീണ്ടും തുടങ്ങുകയാണ്. വമ്പന്മാര് പൊന്നു തേടി അഭിമാനപ്പോരിനിറങ്ങാന്‍ തയ്യാറെടുക്കുന്ന പാരിസ് ഒളിംപിക്സിലെ ടെന്നിസ് വേദി ഇതേ റോളന്‍ഡ് ഗാരോസ് ആണ്.
നീണ്ട 32 വര്‍ഷത്തിന് ശേഷമാണ് കളിമണ്‍ കോര്‍ട്ടില്‍ വീണ്ടും ഒളിംപിക്സ് ടെന്നിസ് അരങ്ങേറുന്നത്. 1992ലെ ബാഴ്സിലോണ ഒളിംപിക്സിലാണ് അവസാനമായി കളിമണ്‍ കോര്‍ട്ടില്‍ മത്സരങ്ങള്‍ നടന്നിട്ടുള്ളത്.
അല്കാരസിലൂടെ ഇത്തവണത്തെ പുരുഷ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെയാണ് ഫ്രഞ്ച് ഓപ്പണില്‍ കണ്ടത്. ഈ അവസരത്തിന് വഴി തുറന്നത് രണ്ട് വമ്പന്‍ താരങ്ങളുടെ അഭാവമാണ്. ഒരാള്‍, കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേല്‍ നദാല്‍ നിരന്തര പരിക്കുകളും പ്രായകൂ ടുതലും അലട്ടിത്തുടങ്ങിയതിനാല് ആദ്യ റൗണ്ടില്‍ തന്നെ വീണു. മറ്റേയാള്‍ അത്ര ഫോമൗട്ടല്ല, പക്ഷെ ക്വാര്‍ട്ടറിന് തൊട്ടുമുമ്പ് പരിക്ക് കാരണം പിന്മാറേണ്ടിവന്നു. സെര്‍ബിയയില്‍ നിന്നുള്ള നോവാക് ദ്യോക്കോവിച് ആണ് ആ വന്മരം. ഇത്തവണത്തെ ടെന്നിസ് സീസണ് തുടങ്ങുമ്പോഴേ ദ്യോക്കോവ് പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു- ഇക്കൊല്ലം പാരിസ് ഒളിംപിക്സ് ലക്ഷ്യം വച്ചുള്ളതാണെന്ന്. പക്ഷെ താരത്തിന്റെ കാല്‍മുട്ടിലെ പരിക്ക് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഒന്നരമാസത്തോളം സമയമുണ്ട്. ശാരിരിക ക്ഷമത വീണ്ടെടുത്ത് തിരിച്ചുവരവിനുള്ള സമയമുണ്ട്. 24 കിരീടങ്ങളുമായി ഗ്രാന്‍ഡ് സ്ലാം നേട്ടത്തില്‍ റിക്കാര്‍ഡിട്ട ദ്യോക്കോവിന് ഈ 37-ാം വയസിലും കിട്ടാക്കനിയായി നില്ക്കുന്ന ഒന്നാണ് ഒളിംപിക്സിലെ പൊന്‍ നേട്ടം. 2008 ബെയ്ജിങ് കായികപൂരത്തില് വെങ്കല നേട്ടം കരസ്ഥമാക്കിയതാണ് ആകേ ആശ്വസിക്കാനുള്ള വക. പിന്നീട് ടോക്കിയോയില്‍ ഉള്‍പ്പെടെ മൂന്ന് തവണ വെങ്കലപോരട്ടത്തില് തോല്‍ക്കുകയാണുണ്ടായത്.
ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റ് അലക്സാണ്ടര്‍ സ്വരേവിനെയും എഴുതി തള്ളാനാവില്ല. കഴിഞ്ഞ തവണയും റോളന്‍ഡ് ഗാരോസില്‍ താരം സെമി വരെ മുന്നേറിയിരുന്നു. കാസ്പര്‍ റൂഡും ഇവിടെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കരുത്തുള്ള താരമാണ്. നിലവിലെ ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാനിക് സിന്നര്‍ ആണ് പൊന്ന് നേടിയെടുക്കാന്‍ പോന്ന മറ്റൊരു വമ്പന്‍. ഇക്കുറി സെമിയില്‍ വീണെങ്കിലും അല്‍കാരസിനോട് അഞ്ച് സെറ്റിലും നന്നായി പൊരുതിയാണ് കീഴടങ്ങിയത്.
കളിമണ്‍ തിട്ടയില്‍ തന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് പോളണ്ടുകാരി ഇഗ സ്വിയാറ്റെക്ക് ശനിയാഴ്ച വനിതാ സിംഗിള്‍സ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. തുടര്‍ച്ചയായ മൂന്നാം ടൈറ്റിലാണിത്. അതിനര്‍ത്ഥം കഴിഞ്ഞ 21 മത്സരങ്ങളില്‍ ഇഗ ഇവിടെ പരാജയം അറിയാതെ മുന്നേറിക്കൊണ്ടിരിക്കുന്നു എന്നാണ്. എങ്കിലും ഇഗയ്ക്ക് പാരിസ് ഒളിംപിക്സ് അത്ര ഈസിയാവില്ലെന്ന് കരുതാം. ഫ്രഞ്ച് ഓപ്പണിലെ രണ്ടാം മത്സരത്തില്‍ ജപ്പാന് താരം നവോമി ഒസാക്കയോട് വിഷമിച്ചാണ് ഇഗ വിജയിച്ചത്. ഓസാക്ക ഒളിംപിക്സില്‍ കളിക്കാന്‍ തയാറായാല്‍ മികച്ച പോരാട്ടത്തിനായിരിക്കും വഴി തെളിയുക. സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്കിക്ക ആണ് കഴിഞ്ഞ തവണ ടോക്കിയോയില്‍ സ്വര്‍ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: