കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ദയനീയ തോല്‍വിക്ക് ഏറ്റുവാങ്ങിയതിന് പിന്നാലെ ജില്ലയിലെ സിപിഎമ്മിനുളളില്‍ വിഴുപ്പലക്കല്‍. മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന കെ.ജെ.ഷൈനിനെതിരെ നിരവധി പരാതികളാണ് നേതൃത്വത്തിന് ലഭിച്ചത്.
സ്ഥാനാര്‍ഥിയുടെ ചെയ്തികളാണ് ഇത്രയും ദയനീയ പരാജയത്തിന് കാരണമെന്നാണ് പരാതികളില്‍ പ്രധാനമായും പറയുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥി ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടു, മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരോട് ക്ഷോഭിച്ചു സംസാരിച്ചു എന്നൊക്കെ പരാതികളുണ്ട്.
മുന്നണി നേതൃത്വം നിശ്ചയിച്ച പോലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സ്ഥാനാര്‍ഥി പങ്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്. പൊതുയോഗങ്ങളില്‍ സമയത്ത് എത്തിയില്ല.വിശ്രമ വേളകളില്‍ എയര്‍കണ്ടീഷന്‍ സൗകര്യമുള്ള മുറി വേണമെന്ന് ശാഠ്യം പിടിച്ചു.
കെ.ജെ.ഷൈനിനെതിരെ സാമ്പത്തിക ആരോപണവും ചിലയിടങ്ങളില്‍ നിന്നും വന്നിട്ടുണ്ട്.പാര്‍ട്ടി അറിയാതെ തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയെന്നാണ് ആരോപണം. പ്രചാരണത്തിന് എത്താന്‍ വൈകിയപ്പോള്‍ അന്വേഷിച്ച് വിളിച്ച ഘടകകക്ഷി പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയോട് സംസാരിക്കാനും തയാറായില്ലെന്നും പരാതിയുണ്ട്.തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി തിങ്കളാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി ആക്ഷേപങ്ങളെല്ലാം ചര്‍ച്ച ചെയ്യും.
വനിത, ലത്തീന്‍ സഭാംഗം എന്നിങ്ങനെയുളള മാനദണ്ഡങ്ങളിലാണ് ഷൈനിനെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചത്. പറവൂര്‍ നഗരസഭാ കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ഷൈന്‍.
സിപിഎം തോല്‍ക്കുമെന്ന് ഏകദേശം ഉറപ്പുളള മണ്ഡലമാണ് എറണാകുളം. എന്നിരുന്നാലും ഷൈനിന് ഹൈബിയുടെ ഭൂരിപക്ഷം കുറയ്ക്കാനെങ്കിലും കഴിയുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഹൈബിയുടെ 2,48,930 എന്ന ഭൂരിപക്ഷത്തേക്കാള്‍ കുറവായിരുന്നു ഷൈനിന്റെ ആകെ വോട്ട്. 2,30,059 വോട്ടുകള്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ഥി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: