കോട്ടയം: കെഎസ്ആര്‍ടിസിയില്‍ അടുത്ത പ്രകോപനത്തിന് തിരികൊളുത്തി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ബസ്സുകളിലും ബസ് സ്റ്റാന്‍ഡുകളിലും കാണുന്നിടത്തൊക്കെ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ പാടില്ലെന്നാണ് ഗതാഗത മന്ത്രി ഉത്തരവിറക്കിയിരിക്കുന്നത്. തന്റെ മുഖം വച്ചുള്ള പോസ്റ്ററില്‍ ആണെങ്കില്‍ പോലും കീറി കളയണമെന്നാണ് ആഹ്വാനം. എന്തുകൊണ്ടും നല്ല കാര്യമാണെങ്കിലും ജീവനക്കാര്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഈ ഉത്തരവ് ഇടയാക്കുമെന്നാണ് ആശങ്ക. കെഎസ്ആര്‍ടിസി ബസിലും ബസ്റ്റാന്‍ഡിലും പോസ്റ്ററുകളും നോട്ടീസുകളും പതിച്ച് വികൃതമാക്കുന്നതില്‍ ഒരു മടിയുമില്ലാത്തവരാണ് തൊഴിലാളി സംഘടനകള്‍. പുതിയൊരു ബസ്റ്റാന്‍ഡ് കോംപ്ലക്‌സ് പണിതാലുടന്‍ തങ്ങളുടെ നോട്ടീസ് ബോര്‍ഡുകള്‍ മുഖ്യ സ്ഥാനത്ത് സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുക. കൂടാതെ ചുമരുകളില്‍ സംഘടന നേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ സമ്മേളന പോസ്റ്റുകളും സമര പോസ്റ്റുകളും പതിക്കും. അലങ്കാരമെന്ന നിലയില്‍ നെടുകെയും കുറുകെയും തോരണങ്ങള്‍ വലിച്ചു കെട്ടും. തൂണുകളിലൊക്കെ ബോര്‍ഡുകളെഴുതി യാത്രക്കാര്‍ക്ക് നടക്കാന്‍ കഴിയാത്ത വിധം ചാരിവയ്‌ക്കും. സമരസമ്മേളനങ്ങളും അനുശോചനയോഗങ്ങളും ആഹ്‌ളാദപ്രകടനങ്ങളുമെല്ലാം ബസ് സ്റ്റാന്‍ഡിനകത്താണ്. യാത്രക്കാര്‍ക്ക് ഇരിക്കാനും നടക്കാനുമുള്ള സ്ഥലം വളച്ചു കെട്ടി സമ്മേളനവേദിയൊരുക്കും. തൊഴിലാളികളല്ലാത്ത പെന്‍ഷന്‍ കാരുടെ സംഘടനകള്‍ പോലും ഇത്തരത്തില്‍ അധികാരം സ്ഥാപിക്കാറുണ്ട്. ഈയൊരു സാഹചര്യത്തില്‍ പോസ്റ്റുകള്‍ ഒട്ടിക്കരുത,് സ്റ്റാന്‍ഡുകളും ബസുകളും മലിനമാക്കരുത് എന്നുള്ള മന്ത്രിയുടെ നിര്‍ദ്ദേശം പൊതുജനങ്ങള്‍ സ്വാഗതം ചെയ്യുമെങ്കിലും യൂണിയനുകള്‍ അനുസരിക്കാന്‍ ഇടയില്ല. അടുത്ത സംഘര്‍ഷത്തിന് അതു വഴിയൊരുക്കുമെന്നുതന്നെയേ കരുതാനാവൂ. മന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ആരെങ്കിലും പോസ്റ്റര്‍ കീറുന്നതും അയാളുടെ പുറത്ത് അടിവീഴുന്നതും താമസിയാതെ ഉണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: