ഓസ്ലോ: ലോകചെസ്സിലെ അത്ഭുതപ്രതിഭയായ മാഗ്നസ് കാള്‍സന്റെ നാടായ നോര്‍വ്വെയില്‍ നടക്കുന്ന നോര്‍വ്വെ ചെസില്‍ 18കാരനായ ഇന്ത്യയുടെ പ്രജ്ഞാനന്ദ തന്റെ പ്രതിഭ ഒരിയ്ക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഈ ടൂര്‍ണ്ണമെന്റില്‍ അവസാനത്തെ പത്താം റൗണ്ടില്‍ പ്രജ്ഞാനന്ദ കെട്ടുകെട്ടിച്ചത് ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയെയാണ്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ 14.5 പോയിന്റോടെ മൂന്നാം സ്ഥാനം നേടി. സമ്മാനത്തുകയായി പ്രജ്ഞാനന്ദയ്ക്ക് 2ലക്ഷം ക്രോണോ (ഏകദേശം 15.6 ലക്ഷം രൂപ) കിട്ടി.
,
ലോക ഒന്ന്, രണ്ട്, മൂന്ന് നമ്പര്‍ താരങ്ങളും നിലവിലെ ലോകചാമ്പ്യനും മാറ്റുരയ്ക്കുന്ന ഗ്രാന്റ്മാസ്റ്റര്‍മാരുടെ പോരാട്ടമായ നോര്‍വെ ചെസില്‍ മൂന്നാം സ്ഥാനത്തെത്തിപ്പെടുക എന്നത് അസാധ്യം തന്നെയാണ്. അവിടെയാണ് ഇന്ത്യയുടെ പ്രജ്ഞാനന്ദ തുടക്കം മുതല്‍ ഒടുക്കം വരെയും തന്റെ മൂന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ക്ലാസിക്കല്‍ ടൂര്ണ്ണെമെന്റായ നോര്‍വ്വെ ചെസ്സിന് ഒരു പ്രത്യകതയുണ്ട്. സമനില ഈ ടൂര്‍ണ്ണമെന്റില്‍ അനുവദിക്കില്ല. വിജയിയും പരാജിതനും ഓരോ റൗണ്ടിലും ഉണ്ടാകും. അതിനായി ആദ്യം ക്ലാസികല്‍ റൗണ്ടില്‍ രണ്ടുകളിക്കാരും ഏറ്റുമുട്ടും. അത് സമനിലയില്‍ പിരിഞ്ഞാല്‍ പിന്നെ ആമഗെഡ്ഡോണ്‍ റൗണ്ടാണ്. അതില്‍ സമനിലയായാല്‍ കറുത്ത കരുക്കള്‍ ഉപയോഗിക്കുന്ന കളിക്കാരന് ജയിക്കും. പകരം വെളുത്ത കരുക്കളുള്ള കളിക്കാരന് കൂടുതല്‍ സമയം അനുവദിക്കും. ഈ ടൂര്‍ണ്ണമെന്റില്‍ പ്രജ്ഞാനന്ദ ഞെട്ടിച്ച് കളഞ്ഞത് രണ്ട് റൗണ്ടുകളിലാണ്. മൂന്നാം റൗണ്ടില്‍ 64 കളങ്ങളുടെ പോരാട്ടമായ ചെസ്സില്‍ അജയ്യനായ മാഗ്നസ് കാള്‍സനെ അദ്ദേഹത്തിന്റെ ജന്മനാടായ നോര്‍വ്വെയില്‍ വെച്ച് പ്രജ്ഞാനന്ദ പരാജയപ്പെടുത്തി. അതും ക്ലാസിക്കല്‍ റൗണ്ടില്‍. ഇതിന് മുന്‍പും പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്പിച്ചിട്ടുണ്ടെങ്കിലും അത് അധികവും വേഗതയേറിയെ ചെസ് മത്സരങ്ങളായ ബ്ലിറ്റ്സ് ചെസിലും റാപിഡ് ചെസ്സിലുമൊക്കെയാണ്.
ക്ലാസിക്കല്‍ ചെസ് എന്നാല്‍ സാവധാനത്തിലുള്ള ചെസ്സാണ്. കറുത്തകരുക്കളും വെള്ളക്കരുക്കളും നീക്കുന്നവര്‍ക്ക് ധാരാളം സമയം നല്‍കും. ഓരോരുത്തര്‍ക്കും ആവോളം ചിന്തിച്ച് കരുക്കള്‍ നീക്കാം. ഒരര്‍ത്ഥത്തില്‍ യഥാര്‍ത്ഥ ചെസ് പ്രതിഭ അളക്കാനുള്ള മത്സരമാണ് ക്ലാസിക്കല്‍ ചെസ്. ഇതില്‍ മാഗ്നസ് കാള്‍സനെ പൂട്ടി എന്നതാണ് പ്രജ്ഞാനന്ദയെ ലോക പ്രശസ്തനാക്കിയത്. ഇന്ന് ലോകത്തില്‍ മാഗ്നസ് കാള്‍സനെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരേയൊരു ചെസ് താരമേയുള്ളൂ. അത് പ്രജ്ഞാനന്ദയാണ്. കാള്‍സന്റെ എല്ലാ മണിച്ചിത്രത്താഴുകളും തുറക്കാനുള്ള താക്കോല്‍ പ്രജ്ഞാനന്ദയുടെ കയ്യിലുണ്ട്. നോര്‍വ്വെ ചെസിലും സംഭവിച്ചത് അതാണ്. മാഗ്നസ് കാള്സന് അതുവരെ ആരും കളിക്കാത്തെ, അധികമായി അന്താരാഷ്ട്രടൂര്ണ്ണമെന്റുകളില് കളിക്കാത്ത ഒരു ഓപ്പണിംഗാണ് പ്രജ്ഞാനന്ദയ്ക്കെതിരെ പുറത്തെടുത്തത്.
സിസിലിയന് ഡിഫന്‍സ് എന്ന ഓപ്പണിംഗിലെ വ്യത്യസ്തമായ ഒരു ശൈലിയാണ് കാള്സന് കളിച്ചത്. “അങ്ങേയറ്റം പ്രകോപനം സൃഷ്ടിക്കുന്ന ഓപ്പണിംഗ് വേരിയേഷനാണ് കാള്സന് കളിച്ചത്. നമ്മള് ആക്രമിച്ച് കളിക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. പക്ഷെ ഞാനത് ശ്രദ്ധിച്ചതേയില്ല.”- പ്രജ്ഞാനന്ദ അന്ന് താന്‍ കളിച്ചതിനെക്കുറിച്ച് പറയുന്നു. ശാന്തമായ രീതിയില്‍, പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയിലാണ് പ്രജ്ഞാനന്ദ ഇതിനോട് പ്രതികരിച്ചത്. ഓരോ കരുനീക്കത്തിനും കൂടുതല്‍ സമയം എടുപ്പിച്ച് പ്രജ്ഞാനന്ദയെ സമയസമ്മര്‍ദ്ദത്തില്‍ കുടുക്കി എന്തെങ്കിലും പിഴവ് വരുത്തിക്കാം എന്നായിരുന്നു കാള്‍സന്റെ കണക്കുകൂട്ടല്‍. പക്ഷെ അത് നടന്നില്ല.
ഓരോ കരുനീക്കത്തിനും കൂടുതല്‍ സമയം എടുത്തിരുന്നതിനാല്‍ പ്രജ്ഞാനന്ദ സമയത്തിന്റെ കാര്യത്തില്‍ മത്സരത്തില്‍ ഉടനീളം സമ്മര്‍ദ്ദത്തിലായിരുന്നു. എന്നിട്ടും കാള്‍സനെ തോല്പിക്കാനായി എന്നത് പ്രജ്ഞാനന്ദയുടെ കാള്‍സനെതിരായ ആത്മവിശ്വാസത്തിന്റെ കൂടി തെളിവായി. “എനിക്ക് നല്ല മൂഡായിരുന്നു. കളിയുടെ തുടക്കം മുതലേ എന്റെ പൊസിഷന്‍ മെച്ചപ്പെട്ടതാണെന്ന് തോന്നിയിരുന്നു. ചില ഘട്ടങ്ങളില്‍ ഞാന്‍ ചില്ലറ പിഴവുകള്‍ വരുത്തി. ആനയെ (ബിഷപ്പ്) ഇ3, എഫ്6 എന്നീ കളങ്ങളിലേക്ക് മാറ്റിയത് തെറ്റാണെന്ന് തോന്നി. പക്ഷെ അപ്പോഴും ഞാന്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന തോന്നലുണ്ടായിരുന്നു.”-പ്രജ്ഞാനന്ദ പറയുന്നു.
പ്രജ്ഞാനന്ദ കരുതലോടെ കരുനീക്കിയെന്ന് മാത്രമല്ല, തിരിച്ച് കാള്‍സനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. അതില്‍ കാള്സന് പതറി. തോറ്റു. മാധ്യമങ്ങള്‍ക്ക് അത് വലിയ വാര്‍ത്തയായിരുന്നു. കാള്‍സന്റെ നാട്ടില്‍ കാള്‍സനെ ഒരു ക്ലാസിക്കല്‍ ഗെയിമില്‍ 18 കാരനായ ഒരു ഇന്ത്യക്കാരന് തോല്പിച്ചിരിക്കുന്നു. അന്ന് വിജയിച്ച് വന്ന പ്രജ്ഞാനന്ദയുടെ കയ്യൊപ്പിനായി ചെസ്സിനെ ആരാധിക്കുന്ന നോര്വ്വെക്കാര് തിക്കിത്തിരക്കുകയായിരുന്നു. കാരണം നോര്‍വ്വെയുടെ ചെസ് ദൈവത്തെയാണ് പ്രജ്ഞാനന്ദ തോല്പിച്ചിരിക്കുന്നത്!
പിന്നീട് ലോക രണ്ടാം നമ്പര്‍ താരം(ഇപ്പോള്‍ മൂന്നാം റാങ്കിലേക്ക് താഴ്ന്നു) ഫാബിയാനോ കരുവനായെയും പ്രജ്ഞാനന്ദ ക്ലാസിക്കല്‍ ഗെയിമില്‍ തന്നെ അടിയറവ് പറയിച്ചു. ഇതും വലിയ വാര്‍ത്തയായി. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ തോല്പിച്ചത്. അതിലും തീര്‍ന്നില്ല പ്രജ്ഞാനന്ദയുടെ പടയോട്ടം. ഇപ്പോഴിതാ ലോകത്തിലെ മൂന്നാം നമ്പര്‍ താരമായ (ഇപ്പോള്‍ രണ്ടാം റാങ്കുകാരന്) യുഎസിന്റെ ഹികാരു നകാമുറയെയും തോല്പിച്ചിരിക്കുന്നു. ഇതോടെ ഇനി പുതിയൊരു പ്രജ്ഞാനന്ദയുടെ ഉദയമാണ് ലോകം കാണുന്നത്. ആരെയും തോല്പിക്കാന് തമിഴ്നാട്ടിലെ ഈ പയ്യന് വളര്‍ന്നിരിക്കുന്നു. ഇനി ലോകോത്തര ചെസ് ടൂര്‍ണ്ണമെന്റുകളില്‍ പ്രജ്ഞാനന്ദയുണ്ടാകും, പുതിയ ഉയരങ്ങള്‍ വെട്ടിപ്പിടിക്കാന്‍.
ചാമ്പ്യന്‍ മാഗ്നസ് കാള്സന്
പത്താം റൗണ്ടില്‍ യുഎസിന്റെ ഫാബിയാനോ കരുവാനയെ ആര്‍മഗെഡ്ഡോണ്‍ ഗെയിമില്‍ തോല്പിച്ച് മാഗ്നസ് കാള്സന് നോര്‍വെ ചെസില്‍ ചാമ്പ്യനായി. ഏഴ് ലക്ഷം ക്രോണോയാണ് (ഏകദേശം 54.8 ലക്ഷം രൂപ )മാഗ്നസ് കാള്‍സന്റെ സമ്മാനത്തുക. 17.5 പോയിന്റോടെയാണ് മാഗ്നസ് കാള്സന് ചാമ്പ്യനായത്. ഇത് ആറാം തവണയാണ് നോര്‍വെ ചെസ്സില്‍ മാഗ്നസ് കാള്സന് ചാമ്പ്യനാകുന്നത്. മൂന്നാം റൗണ്ടില്‍ പ്രജ്ഞാനന്ദയോട് ക്ലാസിക്കല്‍ ഗെയിമില്‍ ഏറ്റുവാങ്ങിയ തോല്‍വിയില്‍ നിന്നും ഉണര്‍ന്നെണീറ്റ മാഗ്നസ് കാള്സന് നാലാം റൗണ്ടില്‍ ഫാബിയാനോ കരുവാനയെ തോല്പിച്ചു. പിന്നീടുള്ള അഞ്ച് റൗണ്ടുകളിലും തുടര്‍ച്ചയായി മാഗ്നസ് കാള്സന് ജയം നേടി. പരാജയങ്ങളില്‍ നിന്നും തിരിച്ചുവരാനുള്ള കാള്‍സന്റെ ഈ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. “പ്രജ്ഞാനന്ദയോട് തോറ്റതോടെ ഫണ്‍ ഗെയിമായി ആസ്വദിച്ച് കളിക്കുന്നതിന് പകരം അടുത്ത ഗെയിമുകളില്‍ സമയമെടുത്ത്, മുഷിഞ്ഞിരുന്ന് കളിക്കാന്‍ തുടങ്ങി. അതോടെ ഫലം കിട്ടി”- കിരീടം നേടിയ ശേഷം മാഗ്നസ് കാള്സന് നോര്‍വ്വെ ചെസിലെ യാത്രയെക്കുറിച്ച് പറയുന്നു.
രണ്ടാം സ്ഥാനം യുഎസിന്റെ ഹികാരു നകാമുറ നേടി. മൂന്നരലക്ഷം ക്രോണോയാണ് (27.3 ലക്ഷം രൂപ) ഹികാരു നകാമുറയ്ക്ക് സമ്മാനത്തുകയായി ലഭിച്ചത്. പത്താം റൗണ്ടില്‍ ക്ലാസിക്കല്‍ റൗണ്ട് സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് നടന്ന ആര്‍മഗെഡ്ഡോണില്‍ ഹികാരുവിനെ പ്രജ്ഞാനന്ദ തോല്പിക്കുകയായിരുന്നു. എന്നാല്‍ 15.5 പോയിന്റുള്ള ഹികാരു രണ്ടാമനായി. തൊട്ടുപിന്നില്‍ പ്രജ്ഞാനന്ദ 14.5 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ 13.5 പോയിന്റോടെ നാലാം സ്ഥാനത്തായി. അലിറെസ ഫിറൂഷ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറനെ തോല്പിച്ചു. ഡിങ്ങ് ലിറനാണ് ആറാം സ്ഥാനത്ത്. പൊതുവേ ഈ ടൂര്‍ണ്ണമെന്റില്‍ തീരെ തിളങ്ങാത്ത ഡിങ്ങ് ലിറന് നിറയെ തോല്‍വികള്‍ ഏറ്റുവാങ്ങിയിരുന്നു. വെറും ഏഴ് പോയിന്റാണ് ഉള്ളത്. അവസാനത്തെ റൗണ്ടുകളില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയ യുഎസിന്റെ ഫാബിയാനോ കരുവാന അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 11.5 പോയിന്റ് മാത്രമാണ് ഫാബിയാനോ കരുവാനയ്ക്ക് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: