ഡബ്ബിങ് ആർട്ടിസ്റ്റായും നടിയായും സാമൂഹ്യപ്രവര്‍ത്തകയായും എല്ലാം മലയാളികൾക്ക് ഏറെ പരിചിതയാണ് ഭാഗ്യ ലക്ഷ്മി. കിളി കൂടുവെക്കുന്നതുപോലെ പണിത വീട് വിൽക്കേണ്ടി വന്നതിന്റെയും അത് വാങ്ങിയവർ പൊളിക്കുന്നത് കണ്ടതിന്റെയും വേദന പങ്കുവെച്ചിരിക്കുകയാണ് ഭാഗ്യ ലക്ഷ്മി. ഇൻസ്റ്റഗ്രാമിലൂടെ വീടിന്റെ വീഡിയോ പങ്കുവെച്ചാണ് തിരുവനന്തപുരത്ത് നിർമിച്ച സ്വരം എന്ന വീടിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നത്.
‘കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നുപോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരും പോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും. ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല.. പിന്നെ ഒട്ടും ആലോചിച്ചില്ല. സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്’ എന്നാണ് ഭാഗ്യ ലക്ഷ്മി കുറിച്ചത്.
1985 ൽ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോൾ ഒരു ഒറ്റ മുറിയിലേക്ക് ആയിരുന്നു താൻ കയറിച്ചെന്നതെന്നും അന്ന് മനസ്സിൽ തോന്നിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നും പറഞ്ഞുകൊണ്ടാണ് ഭാഗ്യലക്ഷ്മി വീടിനെ കുറിച്ച് വീഡിയോയിൽ പറഞ്ഞു തുടങ്ങുന്നത്.
എന്റെ ശബ്ദം കൊണ്ട് അധ്വാനിച്ച് ഞാനൊരു വീട് പണി തുടങ്ങി. സ്വരം എന്ന് പേരുമിട്ടു. ആ വീട്ടിൽ താമസിച്ചു തുടങ്ങിയപ്പോൾ എന്തോ ഈ വീട്ടിൽ ഞാൻ അധികകാലം താമസിക്കില്ല എന്നൊരു തോന്നൽ എന്റെ ഉള്ളിൽ വന്നുകൊണ്ടേയിരുന്നു. 2000ൽ ഞാൻ അവിടെ നിന്നു പടിയിറങ്ങി. പിന്നീട് 2020ൽ വീണ്ടും ഞാനങ്ങോട്ട് കയറി ചെന്നപ്പോൾ എനിക്കെന്തോ ആ വീട്ടിൽ താമസിക്കാൻ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്റെ മക്കൾക്കും തോന്നിയില്ല. അങ്ങനെ ഞങ്ങൾ ആ വീട് ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. വീട് സ്വന്തമാക്കിയ ആൾ അത് പൊളിക്കുന്ന കാഴ്ച കണ്ടപ്പോൾ മനസ്സിനുള്ളിൽ എവിടെയോ ഒരു വിങ്ങൽ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു’ എന്നുപറഞ്ഞു കൊണ്ടാണ് ഭാഗ്യലക്ഷ്മി വീഡിയോ അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: