വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് മനുഷ്യനെയും വഹിച്ചുള്ള ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വിജയകരം. ഫ്ളോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍ നിന്ന് ഇന്നലെ രാവിലെ 10.52 നാണ് (ഭാരതസമയം രാത്രി 8.22) സ്റ്റാര്‍ലൈനര്‍ യാത്ര ആരംഭിച്ചത്.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ, ഭാരതീയ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ് സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തേക്ക് യാത്രതിരിച്ചത്. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി ഒരാഴ്ചയോളം ഇവര്‍ ഇന്റര്‍നാഷണല്‍ സ്പേസ് സെന്ററില്‍ ഡോക്ക് ചെയ്യും. സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്.
നേവി ടെസ്റ്റ് പൈലറ്റായ സുനിത 2006ലും 2012ലുമാണ് ഇതിന് മുന്‍പ് രണ്ട് തവണ ബഹിരാകാശത്തേക്ക് പോയത്. രണ്ട് തവണയുമായി 322 ദിവസമാണ് സുനിത ബഹിരാകാശത്ത് ചെലവഴിച്ചത്. 50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റിക്കാര്‍ഡും സുനിതക്ക് സ്വന്തമാണ്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്.
മെയ് ആറിനാണ് പേടകത്തിന്റെ ആദ്യ വിക്ഷേണം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് മണിക്കൂറുകള്‍ മുമ്പ് ഇത് മാറ്റിവച്ചു. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. പിന്നീട് പലതവണ വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയുണ്ടായി.
ഏറ്റവുമൊടുവില്‍ ജൂണ്‍ ഒന്നിന് തീരുമാനിച്ചിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് ഏകദേശം നാല് മിനിറ്റിന് മുന്‍പ് അറ്റ്ലസ് റോക്കറ്റിലെ കമ്പ്യൂട്ടര്‍ സിസ്റ്റം വിക്ഷേപണം നിര്‍ത്താന്‍ സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് വീണ്ടും മാറ്റിവച്ചു. റോക്കറ്റിലെ മൂന്ന് കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ ഒരെണ്ണത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. പിന്നീടാണ് സ്റ്റാര്‍ലൈനര്‍ ഇന്നലെ വിജയകരമായി വിക്ഷേപിച്ചത്.
സ്റ്റാര്‍ലൈനര്‍ പരീക്ഷണം വിജയിച്ചാല്‍ സ്പേസ് എക്സിനൊപ്പം ബോയിങ്ങിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും ഭാവിയില്‍ നിര്‍മിക്കാനിരിക്കുന്ന ബഹിരാകാശ നിലയങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനാവും. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള പരീക്ഷണമാണ് ക്രൂ ഫ്ളൈറ്റ് ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: