ഓസ്ലോ: നോര്‍വ്വെ ചെസ്സില്‍ ആദ്യ കളിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ തോല്പിച്ച പ്രജ്ഞാനന്ദ എട്ടാം റൗണ്ടിലെ രണ്ടാം കളിയില്‍ പൊരുതിത്തോറ്റു. കാള്‍സനുമായുള്ള ക്ലാസിക്കല്‍ ഗെയിം സമനിലയില്‍ കലാശിച്ചു. തുടര്‍ന്നാണ് ആര്‍മഗെഡ്ഡോണ്‍ വേണ്ടി വന്നത്. അതില്‍ പ്രജ്ഞാനന്ദ തോറ്റു. ആര്‍മഗെഡ്ഡോണില്‍ തോറ്റതിനാല്‍ പ്രജ്ഞാനന്ദയ്ക്ക് ഒരു പോയിന്റ് കിട്ടി. കാള്സന് ഒന്നരപോയിന്റും. ഇതോടെ 12 പോയിന്റായ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനം നിലനിര്‍ത്തുകയാണ്. ഈ ജയത്തോടെ ഒന്നര പോയിന്റ് നേടിയ മാഗ്നസ് കാള്സന് ഒന്നാം സ്ഥാനത്താണ്.
എട്ടാം റൗണ്ടിലെ കാള്സന്-പ്രജ്ഞാനന്ദ പോരാട്ടത്തെ ഒരു മനോഹരമായ മാസ്റ്റര്‍ പീസ് എന്നാണ് അമേരിക്കന്‍ ഗ്രാന്റ് മാസ്റ്റര്‍ ഹികാരു നകാമുറ വിശേഷിപ്പിച്ചത്. ക്ലാസിക്കല്‍ ഗെയിമില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച കാള്‍സനെ സമനിലയില്‍ കുരുക്കുക എന്നത് പ്രയാസകരമാണ്. അതാണ് പ്രജ്ഞാനന്ദ സാധ്യമാക്കിയത്. വിജയിയെ കണ്ടെത്താന്‍ ഇരുവരും പിന്നീട് ആര്‍മഗെഡ്ഡോണ്‍ ഗെയിം കളിച്ചു. ആര്‍മഗെഡ്ഡോണ്‍ നിയമപ്രകാരം കരുക്കള്‍ നീക്കാന്‍ വെള്ളക്കരു ഉപയോഗിക്കുന്നയാള്‍ക്ക് കൂടുതല്‍ സമയം കിട്ടും. ഗെയിം സമനിലയായാല്‍ കറുത്ത കരുക്കള്‍ ഉള്ളയാള്‍ക്ക് ജയിക്കാം. എങ്ങിനെയെങ്കിലും ഈ ഗെയിമിനെ സമനിലയില്‍ കുരുക്കി ജയിക്കാനായിരുന്നു പ്രജ്ഞാനന്ദയുടെ പദ്ധതി. റുയ് ലോപസ് എന്ന ഓപ്പണിംഗ് ശൈലിയിലാണ് ഇരുവരും കളിച്ചത്. സമനില ഉദ്ദേശിച്ച് തന്നെയാണ് പ്രജ്ഞാനന്ദ കളിച്ചത്. മികച്ച നീക്കങ്ങളും നടത്തി. പക്ഷെ കാള്‍സന്റെ കരുത്തുറ്റ കുതിര, പ്രജ്ഞാനന്ദയുടെ നിര്‍ജ്ജീവമായ കറുത്ത ആനയ്ക്ക്(ബിഷപ്പ്) മേല്‍ വിജയം വരിച്ചു എന്ന് പറയാം. അസാധ്യനീക്കങ്ങളിലൂടെയാണ് മാഗ്നസ് അപകടകാരിയായ കുതിരയെ ഉപയോഗിച്ച് പ്രജ്ഞാനന്ദയെ മുട്ടുകുത്തിച്ചത്. റുയ് ലോപസില്‍ കണ്ട ക്ലാസിക് വേരിയേഷന്‍. അപൂര്‍വ്വ പ്രതിഭയ്ക്ക് മാത്രം സാധിക്കുന്ന വിസ്മയമാണ് കാള്സന് സാധിച്ചെടുത്തത്. “നിര്‍ണ്ണായക നിമിഷങ്ങളില്‍ തനിക്ക് അനുകൂലമായി ഗെയിമിനെ മാറ്റിയെടുക്കാന്‍ അപൂര്‍വ്വ പ്രതിഭയ്ക്കേ സാധിക്കൂ.”- ഹികാരു നകാമുറ പറഞ്ഞു.
ആദ്യ റൗണ്ടുകളില്‍ പിന്നില്‍ നിന്നിരുന്ന ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ ഇപ്പോള്‍ നല്ല ഫോമിലാണ്. എട്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഹികാരു നകാമുറയെ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ അട്ടിമറിച്ചു. അതും ആര്‍മഗെഡ്ഡോണിലാണ് അലിറെസ വിജയം കൊയ്തത്. ഈ തോല്‍വിയോടെ 13.5 പോയിന്റോടെ ഹികാരു നകാമുറ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. മികച്ച ഫോമിലൂടെ തുടര്‍ച്ചയായ വിജയങ്ങളിലൂടെ കയറിവരുന്ന അലിറെസ ഫിറൂഷ ഇപ്പോള്‍ 11 പോയിന്റോടെ നാലാം സ്ഥാനത്താണ്.
നിലവിലെ ലോകചാമ്പ്യനായ ഡിങ്ങ് ലിറന് തന്റെ മോശം ഫോം തുടരുകയാണ്. എട്ടാം റൗണ്ടില്‍ യുഎസിന്റെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയുമായി ക്ലാസിക് ഗെയിം സമനിലയില്‍ പിടിച്ചെങ്കിലും ആര്‍മഗെഡ്ഡോണില്‍ തോറ്റുപോയി. ഇതോടെ 9 പോയിന്റോടെ ഫാബിയാനോ കരുവാന അഞ്ചാം സ്ഥാനത്തും വെറും 4.5 പോയിന്റ് മാത്രമുള്ള ഡിങ്ങ് ലിറന് ആറാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: