കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ‘ഒറ്റപ്പെട്ട വിജയം’ മാത്രം നേടിയ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇനിയങ്ങോട്ട് പരീക്ഷണ കാലമാണ് . സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണെങ്കില്‍ നിര്‍ണായകവും. ഇരുട്ടു കൊണ്ട് ഓട്ടയടച്ച് പാര്‍ട്ടിക്ക് അധികകാലം മുന്നോട്ടു പോകാനാകില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി അനുഭാവികള്‍.
പുറമെ പറയുമ്പോള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റ് മാത്രമേ നേടിയുള്ളൂ എന്ന് സി.പി.എമ്മിന് ആശ്വസിക്കാം. എന്നാല്‍ ഇത്തവണ വോട്ടു വിഹിതത്തില്‍ പിന്നോട്ട് പോയതിനും പലയിടങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിനും പാര്‍ട്ടി സെക്രട്ടറി അണികളോട് മറുപടി പറയേണ്ടിവരും.
കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായി അമരത്തുവന്ന ഗോവിന്ദനുകീഴില്‍ പാര്‍ട്ടി വളരുകയല്ല എന്ന വ്യക്തമായ സൂചന ലോക്‌സഭാ തിരഞ്ഞെടുപ്പ് നല്‍കുന്നു. മികച്ച സംഘാടകനും നേതൃപാടവും ഉള്ളയാളുമെന്ന് വിശേഷിപ്പിച്ചാണ് വിജയനു വിധേയനായിരുന്ന കോടിയേരി ബാലകൃഷ്ണനു ശേഷം സെക്രട്ടറി പദത്തില്‍ ഗോവിന്ദനെ അവരോധിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ചെയ്തുകൂട്ടുന്ന കൊള്ളരുതായ്‌മകൾക്കും വെറുപ്പിക്കലിനും കുടപിടിക്കുന്ന ഗോവിന്ദനെയാണ് പില്‍ക്കാലത്ത് കണ്ടത്.
നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ പത്തിലേറെ ഇടങ്ങളില്‍ ബിജെപി കരുത്താര്‍ജിച്ചുവെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഒരര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ തുല്യശക്തിയായ ബിജെപി വളര്‍ന്നു.അതുകൊണ്ടു തന്നെ പരിഹസിച്ചു തള്ളിയിരുന്ന കാലവും കഴിഞ്ഞു. അതാണ് ഗോവിന്ദനെ ഇനിയങ്ങോട്ട് ഉറക്കം കെടുത്താന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: