ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പില്‍ ഭാരത ക്രിക്കറ്റ് ടീമിന് ഇന്ന് ആദ്യ മത്സരം. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടം ഭാരത സമയം രാത്രി എട്ടിന്.
ലോക ഒന്നാം നമ്പര്‍ പദവിയുടെ പകിട്ടുമായി രോഹിത് ശര്‍മയും സംഘവും എതിര്ക്കാനിറങ്ങുന്ന അയര്‍ലന്‍ഡ് അത്ര നിസ്സാരക്കാരല്ല. നാട്ടില്‍ വിരുന്നെത്തിയ പാകിസ്ഥാനെ ട്വന്റി20 പരമ്പരയില്‍ കീഴടക്കിയാണ് അമേരിക്കയിലേക്ക് അവര്‍ പറന്നെത്തിയിരിക്കുന്നത്.
ഗ്രൂപ്പ് എയിലാണ് ഭാരതം ഉള്‍പ്പെട്ടിരിക്കുന്നത്. ലോകകപ്പിന്റെ സഹ ആതിഥേയരായ അമേരിക്ക, കാനഡ എന്നിവര്‍ക്ക് പുറമെ കരുത്തരായ പാകിസ്ഥാനും ഈ ഗ്രൂപ്പിലുണ്ട്. ഒമ്പതിനാണ് പാകിസ്ഥാനെതിരായ ഭാരതത്തിന്റെ പോരാട്ടം. വമ്പന്മാരെ അട്ടിമറിക്കാന്‍ ശേഷിയുള്ള അയര്‍ലന്‍ഡിനെ ഗ്രൂപ്പിലെ കറുത്ത കുതിരകളായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ജേതാക്കളായെങ്കിലും ഇംഗ്ലണ്ട് സൂപ്പര്‍ 12 റൗണ്ടില്‍ അയര്‍ലന്‍ഡിന് മുന്നില്‍ തോറ്റിരുന്നു. മഴ നിയമപ്രകാരമായിരുന്നു ടീമിന്റെ വിജയം.
ഭാരതം ഇതുവരെ അയര്‍ലന്‍ഡുമായി ഏഴ് മത്സരങ്ങള്‍ കിളിട്ടിച്ചുണ്ട്. അതില്‍ എല്ലാം ജയിച്ചത് ഭാരതം. ഇതിന് മുമ്പ് ഇരു ടീമുകളും ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നത് 2009ല്‍. അന്ന് രോഹിത് ശര്‍മയുടെ ബലത്തിലാണ് ഭാരതം വിജയം കൊയ്തത്.
ഇരു ടീമുകളും ഇന്ന് നസാവു സ്റ്റേഡിയത്തില്‍ കളിക്കിറങ്ങുമ്പോള്‍ പരിചയമില്ലാത്ത പിച്ച് ആണെന്നത് രണ്ട് കൂട്ടരെയും ആശങ്കപ്പെടുത്തുന്നുണ്ട്. ലോകകപ്പിന് തൊട്ടുമുമ്പ് പരിശീലനത്തിനിറങ്ങിയിട്ടുള്ളതല്ലാതെ ഭാരത ബാറ്റര്‍മാര്‍ക്ക് ഇവിടെ കളിച്ച് പരിചയം തീരെ ഇല്ല. ഇതുവരെ നടന്ന കളികള്‍ വച്ച് നോക്കുമ്പോള്‍ ഈ സ്റ്റേഡിയത്തിലെ പിച്ച് വേഗവും ബൗണ്‍സും കുറഞ്ഞ വിധത്തിലുള്ളതാണ്.
ഭാരതത്തിനായി നായകന് രോഹിത് ശര്‍മയ്ക്കൊപ്പം ആര് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്നതാണ് കാത്തിരുന്നു കാണേണ്ട മറ്റൊരു കാര്യം. ഇതേ കുറിച്ച് വ്യക്തത നല്കാന് പരിശീലകന് ദ്രാവിഡ് തയ്യാറായില്ല. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരെ സ്പിന്നര്‍മാരായി പരീക്ഷിക്കാനാണ് ടീം ക്യാമ്പിന്റെ തീരുമാനം. പേസര്‍മാരായി ജസ്പ്രീത് ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജോ അര്‍ഷദീപ് സിങ്ങോ ആരാകും ഇറങ്ങുകയെന്ന് ഉറപ്പിച്ചിട്ടില്ല. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നാം പേസറായി ഫൈനല്‍ ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഭാരതം സാധ്യതാ ഇലവന്
രോഹിത് ശര്‍മ(ക്യാപ്റ്റന്‍) വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷാര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്ഷദീബ് സിങ്.
അയര്‍ലന്‍ഡ് സാധ്യതാ ഇലവന്
ആന്‍ഡി ബാല്‍ബിറിന്‍, പോള്‍ സ്റ്റിര്‍ലിങ്(ക്യാപ്റ്റന്‍), ലോര്‍കാന്‍ ടക്കര്‍, ഹാരി ടെക്ടര്‍, കുര്‍ട്ടിസ് കാംഫെര്‍, ജോര്‍ജ് ഡോക്ക്റെല്‍, ഗാരെത്ത് ഡെലാനി, മാര്‍ക്ക് അഡെയ്ര്, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ജോഷ് ലിറ്റില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: