പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ രണ്ടാം സീഡ് യാനിക് സിന്നര്‍, 10-ാം സീഡ് ഗ്രിഗോര്‍ ദിമിത്രോവ് എന്നിവര്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍.
ഫ്രഞ്ച് താരം കോറെന്റിന് മൗടെറ്റിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് സിന്നര്‍ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷമായിരുന്നു സിന്നറിന്റെ തിരിച്ചുവരവ്. സ്കോര്‍: 6-2, 3-6,2-6, 1-6. പോളണ്ട് താരം ഹ്യുബര്ക്ക് ഹര്‍കാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ദിമിത്രോവ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്കോര്‍: 7-6 (7-5), 6-4, 7-6 (7-3). സിന്നറാണ് ക്വാര്‍ട്ടറില്‍ ദിമിത്രോവിന്റെ എതിരാളി. പതിനൊന്നാം സീഡ് ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോര്‍ അഞ്ചാം സീഡ് ഡാനില്‍ മെദ്വദേവിനെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6, 6-2, 6-1, 6-3 എന്ന സ്കോറിനാണ് ഓസീസ് താരത്തിന്റെ വിജയം.
വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡ് അരൈന സബലെങ്ക, നാലാം സീഡ് എലേന റൈബാകിന എന്നിവരും ക്വാര്‍ട്ടറിലെത്തി. സബലെങ്ക 6-2, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് 22-ാം സീഡ് അമേരിക്കയുടെ എമ്മ നവാരോയെയും എലേന 6-4, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് 15-ാം സീഡ് ഉക്രൈയ്നിന്റെ എലിന സ്വിറ്റോലിനയെയും പരാജയപ്പെടുത്തിയാണ് അവസാന എട്ടിലേക്ക് മുന്നേറിയത്. 12-ാം സീഡ് ഇറ്റലിയുടെ ജാസ്മിനെ പാവോലിന 4-6, 6-0, 6-1 എന്ന സ്കോറിന് എലിന അവനേസ്യനെയും പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: