ചെങ്ങന്നൂര്‍: പ്രായം 75 പിന്നിട്ടിട്ടും ഒരുദിവസം പോലും മുടങ്ങാതെ സൈക്കില്‍ ചവിട്ടും മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര തോട്ടുമാലില്‍ വീട്ടില്‍ ടി.ടി. ഗോപാലന്. രണ്ട് ആണ്മക്കളെയും ബുദ്ധിമുട്ടിക്കാതെ ആരോഗ്യമുള്ളിടത്തോളം കാലം ജീവിക്കാന്‍ കൂടിയാണ് ദിവസം 40 കിലോമീറ്ററോളം അദ്ദേഹം സൈക്കിള്‍ ചവിട്ടുന്നത്.
ആധുനിക കാലഘട്ടത്തില്‍ ബൈക്കും കാറുമില്ലെങ്കില് യുവാക്കള്‍ റോഡിലേക്കിറങ്ങാന്‍ മടിക്കുമ്പോഴാണ് സൈക്കിള്‍ ചവിട്ടി ആരോഗ്യവാനായി ഗോപാലന്റെ പ്രയാണം തുടരുന്നത്. മറ്റ് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം കാത്തുകിടക്കുമ്പോഴും തനിക്ക് കൃത്യമായി സമയം പാലിക്കാന്‍ സൈക്കിള്‍ സഹായിക്കുന്നുണ്ടെന്ന് ഗോപാലന് പറയുന്നു. ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത് കൊച്ചുമക്കളായ അമ്പാടിയും അപ്പൂസും സൈക്കിള്‍ പഠിച്ച ദിവസമാണ്. ഇനിയും സൈക്കിള്‍ യാത്ര ചെയ്ത് കൂടുതല്‍ പേരിലേക്ക് ഇതിന്റെ ഗുണഫലങ്ങളെ പറ്റിയുള്ള ചിന്ത സൃഷ്ടിക്കണമെന്ന ലക്ഷ്യമാണ് ഉള്ളത്. അന്തരീക്ഷ മലിനീകരണം ഒട്ടുമില്ലാത്ത, പരിസ്ഥിതി സൗഹൃദമായ ഏറ്റവും നല്ല യാത്രാമാര്‍ഗം സൈക്കിളാണെന്നും ഗോപാലന് വ്യക്തമാക്കുന്നു.
ചെട്ടികുളങ്ങരയിലെ കേരള ബാങ്കിന്റെ ശാഖയിലാണ് സെക്യൂരിറ്റിക്കാരനാണ് ഇപ്പോള്‍. വൈകിട്ട് മുതല്‍ പുലര്‍ച്ചെ വരെയാണ് ഡ്യൂട്ടി സമയം. ഭക്ഷണവുമായി സൈക്കിള്‍ ചവിട്ടിയാണ് അദ്ദേഹം ജോലിക്ക് പോകുന്നത്. മുന്‍പ് നീരേറ്റുപുറം ചക്കുളത്തുകാവ് ദേവീക്ഷേത്രം, ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജ്, ജില്ലാ സഹകരണ ബാങ്ക്, എല്‍ഐസി ബ്രാഞ്ച് ഓഫീസ്, തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രി, കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ഗാര്ഡായിരുന്നിട്ടുണ്ട്. നേരത്തെ കൂലിപ്പണിക്കാരനായിരുന്നു ഇദ്ദേഹം. അതിനുശേഷം നാലര പതിറ്റാണ്ടായി സ്വകാര്യ സെക്യൂരിറ്റി സര്‍വീസില്‍ ജോലി ചെയ്യുകയാണ്. പതിനഞ്ചാമത്തെ വയസില്‍ ആരംഭിച്ചതാണ് അധ്വാനം. കുട്ടിക്കാലത്ത് നെല്‍കൃഷിയില്‍ പിതാവ് തേവനോടൊപ്പം സഹായിയായിരുന്നു.
ഭാര്യ ചെല്ലമ്മ കാഴ്ചയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നയാളാണ്. ഗോപകുമാര്‍, ഗിരീഷ്കുമാര്‍, ഗീത എന്നിവരാണ് മക്കള്‍. ഗോപകുമാര്‍ വിവാഹിതനായി തിരുവല്ലയിലാണ് താമസം. രണ്ടാമത്തെ മകളാണ് ഗീത. ഇവര്‍ കവിയൂരില്‍ ഭര്‍ത്താവ് സതീഷിന്റെ വീട്ടിലാണ്. പെയിന്റിങ് തൊഴില്‍ ചെയ്യുന്ന ഇളയ മകന് ഗിരീഷ് കുമാറിനും കുടുംബത്തിനും ഒപ്പമാണ് ഗോപാലന് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: