കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഇത് വരെ കൈമാറാതിരുന്ന പല രേഖകളും വിവരങ്ങളും സംഭവം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിറ്റി മുമ്പാകെ നല്‍കിയെന്ന് സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ. കുസാറ്റ് കാമ്പസിലെ സിറ്റിംഗില്‍ റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദ് മുന്‍പാകെ മൊഴി നല്കിയ ശേഷമാണ് ഷീബ ഇക്കാര്യം പറഞ്ഞത്.
സിദ്ധാര്‍ത്ഥന്റെ അച്ഛന് പ്രകാശ്, അമ്മ ഷീബ, അമ്മാവന് ഷിജു എന്നിവരാണ് സിറ്റിംഗിനെത്തിയത്. പല രേഖകളും വിവരങ്ങളും കമ്മിറ്റി മുന്‍പാകെ ബോദ്ധ്യപ്പെടുത്തിയെന്ന് ഷീബ പറഞ്ഞു. മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിന് കൂട്ട് നിന്നവര്‍, ഒളിപ്പിക്കാന്‍ ശ്രമിച്ചവര്‍ തുടങ്ങിയവരും നിയമനടപടി നേരിടണമെന്ന് സിദ്ധാര്‍ത്ഥന്റെ കുടുംബം പറഞ്ഞു.
തെളിവുകള്‍ ഇല്ലാതാക്കിയ കേസ് ആണിത്. പ്രതികള്‍ ജാമ്യം നേടി പുറത്ത് ഇറങ്ങിയതോടെ അതിനു വീണ്ടും സാധ്യത ഏറി. കേസില്‍ ഉദ്യോഗസ്ഥരും ഒളിച്ചു കളിക്കുന്നു.വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവം നടന്ന സമയത്ത് നിഷ്ക്രിയര്‍ ആയെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ പറഞ്ഞു.
അതേസമയം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് കേസിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന് പ്രകാശന് പറഞ്ഞു.കൊലയ്ക്ക് കൂട്ട് നിന്നവരെ കൂടി വെളിച്ചത്ത് കൊണ്ടുവരണം. മുന്‍ വി സി എം ആര് ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്തതത് കൊണ്ട് മാത്രം മതിയായില്ല. അദ്ദേഹവും സര്‍വകലാശാല അധികൃതരും വിചാരണ നേരിടണമെന്നും പ്രകാശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: