ആലപ്പുഴ: എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പ്രകാശ് വെള്ളിയാഴ്ച സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. രജിസ്ട്രേഷന് വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്കാണ്. ഹരിപ്പാട് സ്വദേശി. ക്ലാസ് ഫോര്‍ ജീവനക്കാരനായാണ് സര്‍വീസില്‍ പ്രവേശിച്ചത്. ക്ലാസ് ഫോര്‍ എംപ്ലോയീസ് യൂണിയന് സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കി വിജയം കണ്ടു. ക്ലാസ് ഫോര്‍ ജീവനക്കാരുടെ പ്യൂണ്‍ എന്ന ഓഫീസ് പേര് മാറ്റി ഓഫീസ് അറ്റന്‍ഡന്റ് എന്നാക്കിയതും പത്തു ശതമാനം പ്രമോഷന് ഉറപ്പാക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു.
എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് മേഖലയില്‍ വലിയ മാറ്റത്തിന് പങ്കുവഹിക്കാനും കഴിഞ്ഞു. ജീവനക്കാരുടെ അവകാശ ആനുകൂല്യങ്ങള്‍ക്കായി നിരവധി സമരങ്ങള്‍ക്കും, കോടതി വ്യവഹാരങ്ങള്‍ക്കും നേതൃത്വം നല്കി. പ്രളയത്തെ തുടര്‍ന്ന് ജീവനക്കാരുടെ സാലറി കട്ടിങ്ങിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമപോരാട്ടം നടത്തി വിജയം നേടുന്നതിന് നേതൃപരമായ പങ്കുവഹിച്ചു. പങ്കാളിത്ത പെന്‍ഷനെതിരായ സമരപോരാട്ടങ്ങള്‍ക്കും നേതൃത്വം നല്കി. എന്‍ജിഒ സംഘ് ആലപ്പുഴ കളക്ട്രേറ്റില്‍ നടത്തിയ സമരത്തിനെതിരെ പോലീസ് കേസെടുത്തപ്പോള്‍ നിയമപോരാട്ടത്തിലൂടെ വിജയം കണ്ടതും ശ്രദ്ധേയമായിരുന്നു.
ജീവനക്കാരുടെ അവകാശങ്ങള്‍ക്കായുള്ള സമരപോരാട്ടങ്ങള്‍ക്ക് സ്തുത്യര്‍ഹമായ നേതൃത്വം നല്‍കിയതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇന്ന് വിരമിക്കുന്നത്. ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. എന്‍ജിഒ സംഘിന്റെ ബ്രാഞ്ച് തലം മുതല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂലൈയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വരെ എന്‍ജിഒ സംഘിന്റെ ചുമതലയില്‍ തുടരും. ഭാര്യ: മഞ്ജുഷ (വ്യവസായ വകുപ്പ് ജീവനക്കാരി), മക്കള്‍: പാര്‍വതി പി., പി. വിഷ്ണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: